ജയിലിൽ വധശ്രമക്കേസിലെ പ്രതിയുടെ അഴിഞ്ഞാട്ടം.. ജയിൽ ഉദ്യോഗസ്ഥരെ ഇഷ്ടിക കൊണ്ട് ആക്രമിച്ചു..പരിക്ക്…
പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാരൻ ജയിൽ ഉദ്യോഗസ്ഥരെ ആക്രമിച്ചു. വധശ്രമ കേസിൽ വിചാരണ തടവുകാരനായി കഴിയുന്ന ചാവക്കാട് സ്വദേശി ബിൻഷാദ് ആണ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്. പ്രകോപനമൊന്നുമില്ലാതെ ഇയാൾ ഇഷ്ടിക കൊണ്ട് ആക്രമിക്കുകയായിരുന്നു എന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. രണ്ട് ജയിൽ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്.നിരവധി കേസുകളിലെ പ്രതിയും നേരത്തെ കാപ്പാ നിയമ പ്രകാരം കരുതൽ തടങ്കലിൽ കഴിഞ്ഞിട്ടുള്ളയാളുമാണ് ബിൻഷാദ്.
മാവോയിസ്റ്റ് അനുഭാവിയായ ചന്ദ്രു എന്ന തിരുവെങ്കിടത്തെയും ഇയാൾ ജയിലിൽ വെച്ച് ഏതാനും ദിവസം മുമ്പ് ആക്രമിച്ചിരുന്നു. ഈ സംഭവത്തിൽ ജയിൽ അധികൃതർ പൂജപ്പുര പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടെയാണ് വീണ്ടും ജയിലിൽ ഇയാൾ ആക്രമണം നടത്തിയത്. ഈ സംഭവത്തിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.