അതിഥി തൊഴിലാളിയുടെ ഉടുതുണിയുൾപ്പടെ കവരും..അമ്പലപ്പുഴ സ്വദേശി പിടിയിൽ…
അതിഥി തൊഴിലാളിയുടെ ഉടുതുണിയും മൊബൈൽ ഫോണും 5,000 രൂപയും മോഷ്ടിച്ച അമ്പലപ്പുഴ സ്വദേശി പിടിയിൽ.അമ്പലപ്പുഴ പുറക്കാട് വൈപ്പിൻപാടത്തിൽ കൈതവളപ്പിൽ അൻവർ (35)ആണ് പിടിയിലായത്.ഹരിപ്പാട്, തിരുവല്ല പുളിക്കീഴ് സ്റ്റേഷൻ പരിധികളിൽ സമാനരീതിയിൽ പശ്ചിമബംഗാൾ സ്വദേശികളെ പ്രതി കബളിപ്പിച്ചതായും പോലീസ് സ്ഥിരീകരിച്ചു. മലപ്പുറം വാഴക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ തട്ടിപ്പും വ്യക്തമായിട്ടുണ്ട്.
ഹരിപ്പാട് ഡാണാപ്പടിയിൽ വാടകയ്ക്കു താമസിക്കുന്ന പശ്ചിമബംഗാൾ മാൾഡ സ്വദേശി അബുകലാമിനെ ഹരിപ്പാട്ടുനിന്നു സ്കൂട്ടറിൽ കയറ്റി വീയപുരത്ത് എത്തിച്ച് പാടത്തെ പുല്ലുപറിക്കാൻ പറഞ്ഞശേഷമാണ് തുണിയും മൊബൈൽ ഫോണും പണവും അൻവർ അപഹരിച്ചത്. തിരുവല്ല പൊടിയാടിയിലും രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ ഇതേ രീതിയിൽ പുല്ലുപറിക്കാനെന്ന പേരിൽ ഒഴിഞ്ഞ പുരയിടത്തിൽ എത്തിച്ചു അൻവർ മോഷണം നടത്തിയിരുന്നു.അഞ്ചുമാസം മുൻപാണ് പ്രതി ഗൾഫിൽനിന്നു നാട്ടിലെത്തിയത്. കഴിഞ്ഞ രണ്ടുമാസത്തിനിടെ ഇരുപതോളം മൊബൈൽ ഫോണുകൾ മോഷ്ടിച്ചതായി അൻവർ സമ്മതിച്ചതായി പോലീസ് പറയുന്നു. ഇതിൽ 12 എണ്ണവും വിറ്റു. ബാക്കി കൈവശമുള്ളതായാണ് മൊഴി.