ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് വിശ്വാസം നേടിയെടുത്തു….പിന്നീട്…..
ഫേസ്ബുക്കിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും പരിചയപ്പെടുന്നവരെ ഒരു മടിയുമില്ലാതെ വിശ്വസിക്കുന്നവരാണ് ചില ആളുകൾ. അങ്ങനെയുള്ളവരെല്ലാം തന്നെ പറ്റിക്കപ്പെടുന്നുമുണ്ട്. ഇതെല്ലാം വാർത്തകളിൽ വരുന്നുണ്ടെങ്കിലും അതിൽ നിന്ന് പാഠമുൾക്കൊള്ളാതെ വീണ്ടും ഇതുതന്നെ അവസ്ഥ. ഇത്തരത്തിൽ കളപ്പുര സ്വദേശിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെടുകയും ഷെയർ ട്രേഡിംഗിലൂടെ ലാഭമുണ്ടാക്കാമെന്ന് ചാറ്റ് ചെയ്ത് വിശ്വസിപ്പിക്കുകയും ചെയ്തു. ഒടുവിൽ വ്യാജ വെബ് അപ്ലിക്കേഷൻ ലിങ്ക് അയച്ചുകൊടുത്ത് 29,03,870 രൂപ കൈക്കലാക്കുകയും ചെയ്തു. ഏതായാലും പ്രതികളിലൊരാൾ ഇപ്പോൾ അറസ്റ്റിലായി. തെലുങ്കാന ബാബാനഗർ സ്വദേശി മുഹമ്മദ് അദ്നാനിനെയാണ് ആലപ്പുഴ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഏലിയാസ് പി ജോർജ്ജ്, എസ് ഐ ശരത്ചന്ദ്രൻ വി എസ്, സി പി ഓമാരായ റികാസ് കെ, ജേക്കബ് സേവിയർ, ആരതി കെ യു എന്നിവരടങ്ങിയ അന്വേഷണ സംഘം പിടികൂടിയത്.