രോഗിയായ മൂന്ന് വയസുകാരിക്കായി വാങ്ങിയ എസി കേടായി.. സര്‍വീസ് നിഷേധിച്ച് കമ്പനി..നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്…
മൂന്നു വയസ്സുള്ള മകളുടെ രോഗാവസ്ഥയെ ഉഷ്ണകാലത്ത് അതിജീവിക്കാനായി എസി വാങ്ങിയ പിതാവിന് വില്‍പ്പനാനന്തര സേവനം നിഷേധിച്ച കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. എസിയുടെ വിലയായ 34,500 രൂപ, 30,000 രൂപ നഷ്ടപരിഹാരം, പതിനായിരം രൂപ കോടതി ചെലവ് എന്നിവ 30 ദിവസത്തിനകം പരാതിക്കാരന് നല്‍കണമെന്നാണ് കോടതി വിധി. എറണാകുളം തൃപ്പൂണിത്തുറ സ്വദേശി ആര്‍ അജിത് കുമാര്‍, എല്‍ജി ഇലക്ട്രോണിക്‌സ്, ബിസ്മി ഹോം അപ്ലൈന്‍സ് എന്നീ സ്ഥാപനങ്ങള്‍ക്കെതിരെയാണ് പരാതി സമര്‍പ്പിച്ചത്.
നേവല്‍ ബേസ് ജീവനക്കാരനായ പരാതിക്കാരന്‍ ഒന്നര ടണ്ണിന്റെ ഇന്‍വര്‍ട്ടര്‍ എസി 34,500 രൂപയ്ക്ക് ഡീലറില്‍ നിന്നുമാണ് വാങ്ങിയത്. മൂന്ന് വയസ്സുള്ള മകള്‍ക്ക് ത്വക്ക് രോഗം ഉള്ളതിനാല്‍ തണുപ്പ് നിലനിര്‍ത്തുന്നതിനും ഉഷ്ണ കാലത്തെ അതിജീവിക്കുന്നതിനും വേണ്ടിയാണ് എസി വാങ്ങിയത്. നാല് ദിവസം കഴിഞ്ഞപ്പോഴേക്കും അത് പ്രവര്‍ത്തനരഹിതമായി. എസിയുടെ ഇലക്ട്രിക് പാനല്‍ ബോര്‍ഡ് തകരാറിലായി. എന്നാല്‍ അത് വിപണിയില്‍ ലഭ്യമല്ലാത്തതിനാല്‍ റിപ്പയര്‍ ചെയ്യാന്‍ കഴിഞ്ഞില്ല. മറ്റു മാര്‍ഗ്ഗങ്ങള്‍ ഒന്നും ഇല്ലാത്തതിനാല്‍ മകളുടെ ആരോഗ്യാവസ്ഥ പരിഗണിച്ച് സഹോദരന്റെ വീട്ടിലേക്ക് താമസവും മാറ്റേണ്ടി വന്നു. പരാതിയുമായി നിരവധി തവണ എതിര്‍കക്ഷിയെ സമീപിച്ചിട്ടും യാതൊരു നടപടികളും ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് എസിയുടെ വിലയും നഷ്ടപരിഹാരവും കോടതി ചെലവും ആവശ്യപ്പെട്ട് പരാതി സമര്‍പ്പിച്ചത്.