‘രക്തസാക്ഷികൾ മരിക്കുന്നില്ല…ജീവിക്കുന്നു… സർക്കാരിന്റെ ഡിജിപിയിലൂടെ’……

പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ഐപിഎസിനെ നിയമിച്ചതിൽ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി. കൂത്തുപറമ്പ് വെടിവെപ്പിന് ഓർഡർ കൊടുത്ത അന്നത്തെ കണ്ണൂർ എഎസ്പി റവാഡ ചന്ദ്രശേഖറിനെ കേരള പൊലീസ് മേധാവിയായി തിരഞ്ഞെടുത്ത മോദി-പിണറായി സർക്കാരുകൾക്ക് അഭിവാദ്യങ്ങൾ എന്ന് അബിൻ ഫേസ്ബുക്കിൽ കുറിച്ചു. ‘ഇല്ല.. ഇല്ല.. മരിക്കുന്നില്ല..രക്തസാക്ഷികൾ മരിക്കുന്നില്ല.. ജീവിക്കുന്നു നമ്മളിലൂടെ.. നമ്മൾ ഭരിക്കും സർക്കാരിലൂടെ.. ആ സർക്കാരിന്റെ ഡി.ജി.പി യിലൂടെ..’ എന്നും അബിൻ വർക്കി കൂട്ടിച്ചേർത്തു.

അതേസമയം, സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ സർക്കാർ നിയമിച്ചത് മെറിറ്റിന്റെ അടിസ്ഥാനത്തിലെന്ന് മുതിർന്ന സിപിഐഎം നേതാവ് പി ജയരാജൻ പറഞ്ഞു. നിയമനം വിശദീകരിക്കേണ്ടത് സർക്കാരാണ്. പട്ടികയിലുള്ള ഒരാളെ യോഗ്യതയുടെ അടിസ്ഥാനത്തിൽ നിയമിച്ചു. നിയമം വിവാദമാക്കേണ്ടതില്ലെന്നും പി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. കൂത്തുപറമ്പ് വെടിവെയ്പ്പിന് നിർദേശം നൽകിയ പൊലീസ് സംഘത്തിലെ ഉദ്യോഗസ്ഥനായ റവാഡയെ പൊലീസ് തലപ്പത്തേക്ക് കൊണ്ടുവരുന്നത് രാഷ്ട്രീയമായി പ്രശ്‌നമാകുമോയെന്ന തരത്തിലുള്ള ചർച്ചകൾ നിലനിന്നിരുന്നു. ഈ സാഹചര്യത്തിലാണ് പി ജയരാജൻ പ്രതികരിച്ചത്.

‘അന്ന് കൂത്തുപറമ്പിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ സംഘത്തിലൊരാളാണ് റവാഡ ചന്ദ്രശേഖർ. സർക്കാർ തങ്ങളുടെ മുന്നിലുള്ള പട്ടികയെ അടിസ്ഥാനമാക്കി തീരുമാനം എടുത്തതാണ്. തീരുമാനത്തിൽ വിശദീകരണം നൽകേണ്ടത് സർക്കാരാണ്. കൂത്തുപറമ്പ് വെടിവെപ്പിന് മുൻപ് നടന്ന സമരത്തിൽ പങ്കെടുത്ത എം സുകുമാരനെ കസ്റ്റഡിയിലിരിക്കെ ഭീകരമായി തല്ലിച്ചതച്ച കേസിൽ പ്രതിയായിരുന്നു പട്ടികയിൽ ഒന്നാമതുള്ള നിതിൻ അഗർവാൾ. എം സുകുമാരൻ നൽകിയ പരാതിയിൽ നിതിൻ അഗർവാളിനെതിരെ കേസെടുത്തിരുന്നു. യോഗ്യതയുടെ അടിസ്ഥാനത്തിലാണ് വർഷങ്ങൾക്കിപ്പുറം റവാഡയെ നിയമിച്ചത്’ എന്നായിരുന്നു പി ജയരാജൻ്റെ പ്രതികരണം. സർക്കാരിന്റെ രാഷ്ട്രീയത്തിനതീതമായ ഇത്തരം തീരുമാനങ്ങളെ സംബന്ധിച്ച് വിവാദമുണ്ടാക്കുകയെന്നത് വലതുപക്ഷ മാധ്യമങ്ങളുടെ രീതിയാണ്. നയപരമായ കാര്യങ്ങളാണ് പാർട്ടി തീരുമാനിക്കുന്നത്. മറ്റുകാര്യങ്ങൾ മുഖ്യമന്ത്രിയും മന്ത്രിസഭയുമാണ് തീരുമാനിക്കേണ്ടത്. മെറിറ്റ് പരിശോധിക്കാൻ താൻ അധികാരത്തിന്റെ ഭാഗമായിട്ടുള്ളയാളല്ലെന്നും മാധ്യമങ്ങളുടെ ചോദ്യത്തോട് പി ജയരാജൻ പറഞ്ഞു. പട്ടികയിലുള്ള രണ്ട് പേരെ സംബന്ധിച്ചും അന്ന് ആക്ഷേപങ്ങളും വിമർശനങ്ങളും ഉണ്ടായിട്ടുണ്ട്. ഇന്ന് ഡിജിപിയായി പരിഗണിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സർക്കാർ വക്താക്കളാണ് വിശദീകരിക്കേണ്ടതെന്നും പി ജയരാജൻ കൂട്ടിച്ചേർത്തു.

പ്രത്യേക മന്ത്രിസഭാ യോഗമാണ് ഇന്ന് പൊലീസ് മേധാവിയായി വാഡ ചന്ദ്രശേഖറിനെ തിരഞ്ഞെടുത്തത്. ഷെയ്ഖ് ദർവേഷ് സാഹിബ് വിരമിച്ച ഒഴിവിലേക്കാണ് റവാഡ ചന്ദ്രശേഖർ ഐപിഎസ് എത്തുന്നത്. 1991 ഐപിഎസ് ബാച്ച് കേരള കേഡർ ഉദ്യോഗസ്ഥനാണ് റവാഡ ചന്ദ്രശേഖർ. ദീർഘകാലമായി അദ്ദേഹം കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. കേന്ദ്ര കാബിനറ്റ് സെക്രട്ടറിയേറ്റിൽ സുരക്ഷ ചുമതലയുള്ള കാബിനറ്റ് സെക്രട്ടറിയായി നിലവിൽ സേവനമനുഷ്ഠിക്കുകയാണ് റവാഡ ചന്ദ്രശേഖർ.

Related Articles

Back to top button