അഭിമന്യു കൊലക്കേസ്…വിചാരണ നടപടികൾ ഇന്ന് തുടങ്ങും…

കൊച്ചി : മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ നടപടികൾ ഇന്ന് തുടങ്ങും. ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ പ്രതികളായ കേസിൽ പ്രോസിക്യൂഷന്‍റെ പ്രാഥമിക വാദമാണ് ഇന്ന് തുടങ്ങുക. ഇക്കഴിഞ്ഞ ഒക്ടോബറില്‍ പ്രാരംഭ വാദം തുടങ്ങാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പ്രോസിക്യൂഷന്‍ പുനസൃഷ്ടിച്ച രേഖകള്‍ ലഭ്യമാക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടതോടെ കേസ് മാറ്റിവയ്ക്കുകയായിരുന്നു. ജി.മോഹന്‍രാജാണ് കേസിലെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍.2018 ജൂലൈ രണ്ടിനാണ് എസ്എഫ്ഐ പ്രവര്‍ത്തകനായ അഭിമന്യുവിനെ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊന്നത്. 2018 സെപ്തംബര്‍ 26ന് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. വിചാരണ കഴിഞ്ഞ വര്‍ഷം തുടങ്ങാനിരിക്കെ കേസിലെ ചില നിര്‍ണായക രേഖകള്‍ കോടതിയില്‍ നിന്ന് നഷ്ടപ്പെട്ടു. പിന്നീട് പ്രോസിക്യൂഷന്‍ ഈ രേഖകള്‍ പുനസൃഷ്ടിച്ച് കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു. കേസിൽ വിചാരണ അകാരണമായി നീണ്ട് പോകുന്നതിനെതിരെ അഭിമന്യുവിന്റെ അമ്മ ഭൂപതി ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിചാരണ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് അമ്മ ഭൂപതി നൽകിയ ഹ‍ർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

Related Articles

Back to top button