അബ്ദുൽ റഹീമിന്റെ മോചന ഉത്തരവ് ഇന്ന്.. ബാക്കിയായ 11.5 കോടി ദിയ ധനം….
സൗദി അറേബ്യയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിൽ ഇന്ന് ഉത്തരവ് ഇറങ്ങിയേക്കും. റിയാദ് കോടതി കേസ് പരിഗണിക്കും.ബ്ലഡ് മണിയുടെ ചെക്കും രേഖകളും കോടതിയിലെത്തിച്ചതോടെ മോചനത്തിനായുള്ള നടപടിക്രമങ്ങളെല്ലാം പൂർത്തിയായിരുന്നു. തുടർന്ന് അബ്ദുൽ റഹീമിന്റെ വധശിക്ഷ കോടതി റദ്ദ് ചെയ്തിരുന്നു.മോചന ഉത്തരവിൽ കോടതി ഒപ്പ് വെച്ചാൽ റഹീമിന് 18 വർഷത്തെ ജയിൽ വാസത്തിൽ നിന്നും മോചനമാകും.
അതസമയം റഹീമിന്റെ മോചത്തിനായി സമാഹരിച്ച ഫണ്ടില്‍ ബാക്കിയുള്ള പതിനൊന്നരക്കോടി രൂപ മറ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാൻ ധാരണയായി. റഹീമിന്റെ അഭിപ്രായം കൂടി കേട്ട ശേഷം അന്തിമ തീരുമാനമെന്ന് നിയമ സഹായ സമിതി വ്യക്തമാക്കി. റഹീമിന്റെ മോചനത്തിനായി 47 കോടി 87 ലക്ഷത്തി 65,347 രൂപയാണ് ആകെ സമാഹരിച്ചതെന്ന് നിയമ സഹായ സമിതി അറിയിച്ചു. കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിലാണ് സമിതി കണക്ക് പുറത്തുവിട്ടത്. ദിയ ധനം ഉൾപ്പെടെയുള്ള ചെലവ് 36 കോടി 27 ലക്ഷത്തി 34,927 രൂപയാണ്. ബാക്കി 11 കോടി 60 ലക്ഷത്തി 30,420 രൂപ ട്രസ്റ്റ് അക്കൗണ്ടിൽ ഉണ്ട്. ഈ തുക എന്ത് ചെയ്യണമെന്ന് റഹീം നാട്ടിൽ തിരിച്ചെത്തിയ ശേഷം യോഗം ചേർന്ന് തീരുമാനിക്കുമെന്നും സമിതി അറിയിച്ചു.