മഅ്ദനി വീണ്ടും ആശുപത്രിയിൽ
പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തസമ്മർദക്കുറവ്, ഹൃദയമിടിപ്പ് കൂടുതൽ, ശ്വാസതടസം, ഡയബറ്റിക് ന്യൂറോപ്പതി മൂലം രക്തചംക്രമണ വ്യവസ്ഥയ്ക്കുണ്ടായ തകരാറുകൾ എന്നിവയെ തുടർന്നാണ് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം എറണാകുളത്തെ വസതിയിൽ വിശ്രമത്തിലായിരുന്ന മഅ്ദനിയെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് അഡ്മിറ്റ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരിയിൽ കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം ദീർഘകാലം വിവിധ രോഗങ്ങൾക്ക് ചികിത്സ തേടിയിരുന്നു.
തുടർന്ന് ഡോക്ടർമാരുടെ കർശന നിരീക്ഷണത്തിൽ വീട്ടിൽ തുടരുകയായിരുന്നു അദ്ദേഹം. ആശുപത്രിയിൽ പ്രവേശിച്ച മഅ്ദനിക്ക് എക്കോ, ഇസിജി, എക്സ്റേ, ഡോപ്ലർ സ്കാനുകൾ തുടങ്ങിയ പരിശോധനകൾ നടത്തി.
മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ നേഫ്രോളജിസ്റ്റ് ഡോ. പി.എച്ച് മുഹമ്മദ് ഇഖ്ബാലിൻ്റെ നേതൃത്വത്തിൽ വിദഗ്ദ്ധ മെഡിക്കല്‍ സംഘം വിശദമായ പരിശോധനകൾക്കും നിരീക്ഷണങ്ങൾക്കും വിധേയമാക്കി. ഭാര്യ സൂഫിയ മഅ്ദനി, പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ്, സലിം ബാബു എന്നിവർ അദ്ദേഹത്തോടൊപ്പം ആശുപത്രിയില്‍ ഉണ്ട്.