ആലപ്പുഴയിൽ വായ്പയെടുക്കാൻ അയൽവാസി ഹാജരാക്കിയ ആധാരം, സ്വന്തം ചിട്ടിക്ക് ജാമ്യമാക്കി…. 30 ലക്ഷം രൂപ തട്ടി കെഎസ്എഫ്ഇ ജീവനക്കാരൻ…
ആലപ്പുഴ: വായ്പ എടുക്കാനായി അയൽവാസി ഹാജരാക്കിയ ഭൂമി രേഖകൾ സ്വന്തം ചിട്ടിക്ക് ജാമ്യമാക്കി 30 ലക്ഷം രൂപ തട്ടി റിമാൻഡിലായ കെഎസ്എഫ്ഇ ജീവനക്കാരനെ മണ്ണഞ്ചേരി പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്തുതുടങ്ങി. താൻ തെറ്റ് ചെയ്തിട്ടില്ലെന്നും വസ്തു ഉടമ തന്നെ കെഎസ്എഫ്ഇയിൽ നേരിട്ടെത്തി രേഖകൾ സമർപ്പിക്കുകയും ഒപ്പിട്ട് നൽകുകയുമായിരുന്നു എന്നാണ് ചോദ്യം ചെയ്യലിൽ ഇയാൾ പോലീസിനോടു പറഞ്ഞത്. കെഎസ്എഫ്ഇ ആലപ്പുഴ അസിസ്റ്റന്റ് ജനറൽ ഓഫിസിലെ സ്പെഷ്യൽ ഗ്രേഡ് അസിസ്റ്റന്റ് മണ്ണഞ്ചേരി പഞ്ചായത്ത് 14-ാം വാർഡ് കൂരുവേലിച്ചിറയിൽ എസ് രാജീവിനെയാണ് അറസ്റ്റുചെയ്തിരുന്നത്.