1200 പേർ കയറേണ്ട കോച്ചിൽ 5000 പേർ, ഇത് മരണക്കെണിയെന്ന  വിമർശനവുമായി യുവതി 

ഒരിക്കലും ഉറങ്ങാത്ത നഗരമെന്നാണ് മുംബൈയെ വിശേഷിപ്പിക്കുന്നത്. ന​ഗരത്തിൽ പ്രധാനമായും ആളുകൾ യാത്രക്കായി ആശ്രയിക്കുന്നത് ലോക്കൽ ട്രെയിനുകളെയാണ്. മുംബൈയുടെ ജീവനാഡിയായിട്ടാണ് പലപ്പോഴും ലോക്കൽ ട്രെയിനുകൾ അറിയപ്പെടുന്നത് . എന്നാൽ, ഈ ജീവനാഡി ഇന്ന് യാത്രക്കാരുടെ ജീവനെടുക്കുന്ന മരണക്കെണിയായി മാറിക്കൊണ്ടിരിക്കുകയാണോ, എന്നാണ് മുംബൈ സ്വദേശിയായ ഒരു യുവതി തന്റെ  സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്ന പോസ്റ്റിൽ ചോദിക്കുന്നത്. മുദ്രിക കവാദിയ എന്ന യുവതിയാണ് എക്‌സിൽ ഇതുമായി ബന്ധപ്പെട്ട കുറിപ്പ് ഷെയർ ചെയ്തിരിക്കുന്നത്.

ട്രെയിനുകളിലെ അമിതമായ തിരക്കിനെ കുറിച്ചാണ് മുദ്രിക തന്റെ പോസ്റ്റിൽ ആശങ്ക പങ്കുവെച്ചത്. 1,200 യാത്രക്കാരെ മാത്രം ഉൾക്കൊള്ളാൻ ശേഷിയുള്ള ഒരു ട്രെയിൻ കോച്ചിൽ നിലവിൽ 5,000 -ത്തോളം പേരാണ് തിങ്ങിനിറഞ്ഞ് യാത്ര ചെയ്യുന്നത് എന്നാണ് അവർ പറയുന്നത്. ‘ജീവനാഡി ഒരിക്കലും ജീവന് ഭീഷണിയാകരുത്, എന്നാണ് അവർ പോസ്റ്റിൽ പറയുന്നത്. വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുകളിട്ടിരിക്കുന്നത്. തങ്ങളുടെ ദുരനുഭവങ്ങളും പലരും പറഞ്ഞിട്ടുണ്ട്.

‘മുംബൈയിൽ ആകാശത്തും, വെള്ളത്തിനടിയിലും റോഡുകൾ നിർമ്മിക്കാൻ പദ്ധതികളുണ്ട്, പക്ഷേ ലോക്കൽ ട്രെയിനുകളിലെ അമിതമായ തിരക്ക് കുറയ്ക്കാൻ ആരും ഒന്നും ചെയ്യുന്നില്ല’ എന്ന് ഒരു യൂസർ കുറിച്ചു. ഇത് മുംബൈയുടെ സ്പിരിറ്റ് ആണെന്ന് പറഞ്ഞ് പലരും ഈ ദുരവസ്ഥയെ ന്യായീകരിക്കുകയാണെന്നും, ഇതിനെ സാധാരണവത്കരിക്കുന്നത്  വലിയ അപകടമാണെന്നുമാണ് മറ്റൊരാൾ അഭിപ്രായപ്പെട്ടത്, സമാനമായ സംഭവത്തിൽ, കഴിഞ്ഞ ശനിയാഴ്ച ബദ്ലാപൂർ സ്റ്റേഷനിലുണ്ടായ ദാരുണമായ അപകടത്തിൽ ഒരു യുവതി മരിച്ചതും വാർത്തയായിരുന്നു. ജോലിക്ക് പോകാനായി ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ ചേതന ദേവരുഖ്കർ എന്ന യുവതി പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിലുള്ള വിടവിലേക്ക് വീഴുകയായിരുന്നു. തിരക്കേറിയ ട്രെയിനിൽ കയറാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം സംഭവിച്ചത്.

Related Articles

Back to top button