ബൈക്കിലെത്തി യുവതിയെ ചുംബിച്ച് കടന്നുകളഞ്ഞ… യുവാവ് അറസ്റ്റിൽ…
രജിസ്ട്രേഷൻ നമ്പർ മറച്ച ബൈക്കിലെത്തി യുവതിയെ ചുംബിച്ച് കടന്നുകളഞ്ഞ യുവാവ് അറസ്റ്റിൽ. അധികം ആളില്ലാത്ത തെരുവിലൂടെ വാഹനം ഓടിച്ചുകൊണ്ട് പോവുന്നതിനിടെയാണ് യുവാവ് ബുർഖ ധാരിയായ യുവതിയോട് മോശമായി പെരുമാറിയത്. ഉത്തർ പ്രദേശിലെ മീററ്റിലെ ലിസാരി ഗേറ്റ് ഭാഗത്ത് വച്ച് നടന്ന അതിക്രമത്തിന്റെ വീഡിയോ വലിയ രീതിയിൽ ചർച്ചയായിരുന്നു. യുവതിയോട് അതിക്രമം ചെയ്ത യുവാവിനെ യുപി പൊലീസ് അറസ്റ്റ് ചെയ്തു.
മൊഹമ്മദ് സുഹൈൽ എന്ന യുവാവിനെയാണ് പൊലീസ് സംഭവത്തിൽ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത യുവാവിന്റെ ദൃശ്യങ്ങൾ പൊലീസ് പുറത്ത് വിട്ടു. തെറ്റ് പറ്റിപ്പോയെന്നും ഇനി ഇത്തരത്തിലുള്ള പെരുമാറ്റം ആവർത്തിക്കില്ലെന്നുമുള്ള യുവാവിന്റെ പ്രതികരണവും പൊലീസ് പുറത്ത് വിട്ടിട്ടുണ്ട്.
സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ ഇയാൾക്കായി മീററ്റ് പൊലീസ് തെരച്ചിൽ ആരംഭിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇയാളെ പൊലീസ് തിരിച്ചറിഞ്ഞതും കണ്ടെത്തി അറസ്റ്റ് ചെയ്തതുമെന്നുമാണ് മീററ്റ് സീനിയർ പൊലീസ് സൂപ്രണ്ട് വിപിൻ താഡ മാധ്യമങ്ങളോട് വിശദമാക്കിയത്.