പ്രണയ നൈരാശ്യം; റെയിൽവേ ട്രാക്കിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി പോലീസ്

പ്രണയനൈരാശ്യത്തെ തുടർന്ന് റെയിൽവേ ട്രാക്കിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി. മുളന്തുരുത്തി പോലീസ് സ്പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐ ആർ.രജീഷാണ് യുവാവിനെ രക്ഷിച്ചത്. ഖത്തറിലെ ഒരു സ്ഥാപനത്തിൽ അസിസ്റ്റന്റ് മാനേജരായി ജോലി ചെയ്തിരുന്ന 25 വയസ്സുകാരനായ പേരാമ്പ്ര സ്വദേശിയാണ് ആമ്പല്ലൂരിലെ റെയിൽവെ ട്രാക്കിൽ തീവണ്ടിക്ക് മുന്നിൽ ചാടാൻ ശ്രമിച്ചത്.
മൂന്ന് ദിവസം മുമ്പ് യുവാവ് പെൺകുട്ടിയുടെ വീട്ടിലെത്തിയിരുന്നു. വീട്ടുകാർക്ക് അസൗകര്യമുണ്ടായതിനെ തുടർന്ന് പോലീസിനെ വിവരം അറിയിച്ചു. പോലീസ് എത്തി യുവാവിനെ പിന്തിരിപ്പിച്ച് നാട്ടിലേക്ക് അയച്ചു. ശനിയാഴ്ച വീണ്ടും വീട്ടിലെത്തിയ യുവാവ് ചോക്ലേറ്റ് പായ്ക്കറ്റ് വലിച്ചെറിഞ്ഞ ശേഷം മടങ്ങി. ഇതോടെ സംശയം തോന്നിയ വീട്ടുകാർ വീണ്ടും പോലീസിനെ അറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ യുവാവിനെ കണ്ടെത്താനായില്ല.
യുവാവുമായി ഫോണിൽ ബന്ധപ്പെട്ട സ്പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐ ആർ.രജീഷിനോട്, താൻ കാഞ്ഞിരമറ്റത്ത് റെയിൽവേ ട്രാക്കിലാണെന്നും ജീവിതം അവസാനിപ്പിക്കാനാണ് തീരുമാനമെന്നും അറിയിച്ചു. മുളന്തുരുത്തി–കാഞ്ഞിരമറ്റം റെയിൽവേ പാതയിലാണെന്ന് തിരിച്ചറിഞ്ഞതോടെ അദ്ദേഹം സ്ഥലത്തേക്ക് തിരിച്ചു. ഇതിനിടെ മറ്റൊരു പോലീസ് സംഘവും സ്ഥലത്തെത്തി. ഇവിടെ പരിശോധന നടക്കുമ്പോഴാണ് പച്ച സിഗ്നൽ തെളിഞ്ഞ് നിൽക്കുന്ന സമയത്ത് ട്രാക്കിൽ കൈവിരിച്ച് നിൽക്കുന്ന യുവാവിനെ കണ്ടെത്തിയത്. ഉടൻ ഓടിയെത്തി ബലം പ്രയോഗിച്ച് ട്രാക്കിൽ നിന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പിന്നീട് മുളന്തുരുത്തി പോലീസ് സ്റ്റേഷനിലെത്തിച്ച യുവാവിനെ പേരാമ്പ്രയിൽ നിന്ന് എത്തിയ വീട്ടുകാർക്കൊപ്പം പറഞ്ഞയച്ചു.



