മാവേലിക്കര ലഹരിയുടെ പിടിയിൽ… സ്വകാര്യ ബസ് സ്റ്റാന്റിൽ നിന്ന് ബ്രൗൺ ഷുഗറും കഞ്ചാവുമായി യുവാവ് പിടിയിൽ….
മാവേലിക്കര- മാവേലിക്കരയിൽ മയക്കുമരുന്ന് വ്യാപാരം കൂടിവരുന്നു. ജൂലൈ മാസത്തിൽ മാത്രം മൂന്ന് കേസുകളാണ് പിടികൂടിയത്. മാവേലിക്കര സ്വകാര്യ ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ച് വലിയതോതിൽ മയക്കുമരുന്ന് കൈമാറ്റം നടക്കുന്നതായാണ് റിപ്പോർട്ട്. ഇന്നലെ രാത്രിയിൽ സ്വകാര്യ ബസ് സ്റ്റാന്റിൽ നിന്ന് ബ്രൗൺ ഷുഗറും കഞ്ചാവുമായി യുവാവിനെ പിടികൂടി. രാത്രി 10.10ഓടെയാണ് എക്സൈസ് സംഘം ബസ്റ്റ്സ്റ്റാന്റ് പരിസരത്ത് നിന്നും ബ്രൗൺ ഷുഗർ, കഞ്ചാവ് എന്നിവ കൈവശംവെച്ച് കടത്തിക്കൊണ്ട് വന്ന ബിഷ്ണു സർകാർ (34) നെ പിടികൂടിയത്. ഇയാൾ പശ്ചിമ ബംഗാൾ സ്വദേശിയാണ്.
മാവേലിക്കര എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ കൃഷ്ണരാജ് പി.എസിന്റെ നേതൃത്വത്തിൽ എക്സൈസ് ഗ്രേഡ് ഇൻസ്പെക്ടർ അൻവർ, പ്രിവന്റ്റീവ് ഓഫീസർ ജയകൃഷ്ണൻ, സിവിൽ എക്സൈസ് ഓഫീസർമാരായ അജീഷ് കുമാർ, ഷിതിൻ, ശ്യാം, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഷൈനി നാരായണൻ എന്നിവരടങ്ങുന്ന സംഘമാണ് യുവാവിനെ പിടികൂടിയത്. പ്രതിയിൽ നിന്നും 2.080 ഗ്രാം ബ്രൗൺ ഷുഗർ, 23 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തു.
കഴിഞ്ഞ ദിവസം ചെട്ടികുളങ്ങര ക്ഷേത്രത്തിന് തെക്കുവശത്ത് നിന്ന് എം.ഡി.എം.എയും കഞ്ചാവുമായി യുവാക്കൾ പിടിയിലായിരുന്നു. കാർത്തികപ്പള്ളി പത്തിയൂർ എരുവ പോക്കാട്ട് പറമ്പിൽ വീട്ടിൽ അജ്മൽ (22), പത്തിയൂർ വലിയ വീട്ടിൽ വിഷ്ണു എന്നിവരെയാണ് മാവേലിക്കര എക്സൈസ് പിടികൂടിയത്. പ്രതികളിൽ നിന്ന് 0.713 ഗ്രാം എം.ഡി.എം.എയും, 2.1ഗ്രാം കഞ്ചാവും ഇവ കടത്താൻ ഉപയോഗിച്ച ഡ്യൂക്ക് ബൈക്കും പിടിച്ചെടുത്തിരുന്നു. മാസങ്ങളോളം നിരീക്ഷണം നടത്തിയ ശേഷമാണ് ഇവരെ എക്സൈസ് സംഘം പിടികൂടിയത്.