വില്‍പനക്കായി എത്തിച്ച ലഹരി ഉൽപ്പന്നങ്ങളുമായി യുവാവ് കോഴിക്കോട് പിടിയിൽ

വില്‍പനക്കായി എത്തിച്ച ലഹരി ഉൽപ്പന്നങ്ങളുമായി യുവാവ് കോഴിക്കോട് പിടിയിൽ. മലപ്പുറം രണ്ടത്താണി സ്വദേശി അബ്ദുല്‍ നാസര്‍ (39)ആണ് പിടിയിലായത്. ഇയാളുടെ കൈവശമുണ്ടായിരുന്ന 1.633 കിലോഗ്രാം കഞ്ചാവും, 19.210 ഗ്രാം എംഡിഎംഎയും പോലീസ് പിടിച്ചെടുത്തു. ഡ്രൈവർ സീറ്റിന് പുറകിലായുണ്ടാക്കിയ രഹസ്യ അറയിലാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്. ഡിക്കിയിൽ സൂക്ഷിച്ച സ്റ്റെപ്പിനി ടയറിന് അടിയിലായിരുന്നു കഞ്ചാവ്. മൊത്തം അഞ്ച് ലക്ഷത്തോളം രൂപയുടെ ലഹരിവസ്തുക്കളാണ് പിടിച്ചതെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം കോഴിക്കോട് ജയില്‍ പരിസരത്ത് വച്ചാണ് ഇയാൾ പിടിയിലായത്. ജയിലിന് സമീപത്തൂടെ അസാധാരണ വേഗതയില്‍ ഓടിച്ച കാർ പോലീസ് കൈ കാണിച്ചിട്ടും നിർത്തിയിരുന്നില്ല. മുന്നോട്ട് പോയ കാർ പുതിയറ ജംങ്ഷനിലെ ബ്ലോക്കില്‍പ്പെട്ടു. പിന്തുടർന്ന് വന്ന പോലീസ് പിടികൂടുമെന്ന് മനസിലാക്കിയ നാസർ വാഹനം ഇവിടെ നിന്ന് തിരികെ ജയിൽഭാഗത്തേക്ക് ഓടിച്ചു. എന്നാൽ പോലീസുകാർ പിന്തുടർന്ന് വന്ന് തടഞ്ഞു. പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ നടത്തിയ നീക്കമാണ് പോലീസിൻ്റെ സംശയം ബലപ്പെടുത്തിയത്. തുടർന്ന് വാഹനം വിശദമായി പരിശോധിച്ചപ്പോഴാണ് കഞ്ചാവും, എംഡിഎംഎയും കണ്ടെത്തിയത്. പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും, മലപ്പുറത്ത് നിന്നുള്ള ഒരാള്‍ ലഹരിമരുന്ന് വില്‍പന നടത്തുന്നതായി പോലീസില്‍ വിവരം ലഭിച്ചിരുന്നു. പിടിയിലായ അബ്ദുല്‍ നാസര്‍ മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനിയാണെന്ന് പോലീസ് പറയുന്നു. ബെംഗളുരുവില്‍ നിന്ന് മയക്കുമരുന്ന് കൊണ്ടുവന്ന് കോഴിക്കോട് മേഖലയിൽ ചില്ലറ വില്‍പന നടത്തുകയാണ് പ്രതി ചെയ്തിരുന്നത്. ഇയാളുടെ ഫോണും ബാങ്ക് അക്കൗണ്ടും കസബ പോലീസ് പരിശോധിച്ചു. ലഹരി സംഘത്തിലെ കൂടുതൽ പേരിലേക്കെത്താൻ ഇയാളുടെ അറസ്റ്റ് സഹായിക്കുമെന്നാണ് പോലീസിൻ്റെ പ്രതീക്ഷ. കസബ എസ്ഐ യു.സനീഷ്, എ.എസ്.ഐ പി.സജേഷ് കുമാര്‍, എസ്.സി.പി.ഒമാരായ ഷിജിത്ത്, ദീപു, അബ്ദുറഹ്‌മാന്‍, രതീഷ്, സിറ്റി ക്രൈം സ്‌ക്വാഡിലെ എം.ഷാലു, സി.കെ.സുജിത് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.




