ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുന്നതിനിടെ തലയിൽ തേങ്ങ വീണു, നിയന്ത്രണം വിട്ട ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

കൂത്താട്ടുകുളത്ത് നിയന്ത്രണം വിട്ട ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ യുവാവിന്റെ തലയിലേക്ക് തേങ്ങ വീഴുകയും ഇതോടെ വാഹനം നിയന്ത്രണം വിട്ട് മറിയുകയുമായിരുന്നു. പാലക്കുഴ തോലാനി കുന്നേൽ താഴം സ്വദേശി സുധീഷ് (38) ആണ് മരിച്ചത്. പാലക്കുഴയിൽ വർക്ക് ഷോപ്പ് നടത്തുകയായിരുന്നു ഇദ്ദേഹം. വർക്ക് ഷോപ്പ് ജോലിക്കുള്ള പോളിഷിംഗ് സാധനങ്ങൾ എടുക്കാൻ കൂത്താട്ടുകുളത്തേക്ക് പോകുന്നതിനിടയിലാണ് അപകടമുണ്ടായത്.

വ്യാഴാഴ്ചയായിരുന്നു അപകടം. പാലക്കുഴയിൽ നിന്നും കൂത്താട്ടുകുളത്തേക്ക് പോകുന്നതിനിടെ സോഫിയ കവലയിൽ വെച്ചാണ് സുധീഷിന്റെ തലയിൽ തേങ്ങ വീണത്. ഇതോടെ ബൈക്കിന്റെ നിയന്ത്രണം വിട്ട് വാഹനം ഉൾപ്പെടെ റോഡിന്റെ വശത്ത് താഴ്ചയിലേക്ക് മറിഞ്ഞു. ഉടൻ തന്നെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. ഇവിടെ ചികിത്സയിൽ കഴിയുന്നതിനിടെ ഇന്നലെ വൈകുന്നേരമായിരുന്നു മരണം സംഭവിച്ചത്.

പിതാവ്: സോമശേഖരൻ. മാതാവ്: രമണി, ഭാര്യ: സൂര്യ, മക്കൾ: ശ്രീദേവ്, ശ്രീഹരി (കൂത്താട്ടുകുളം ഗവ. യുപി സ്കൂൾ വിദ്യാർഥികൾ). സഹോദരി: സുധർമ. സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം.

Related Articles

Back to top button