കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രി… എന്റെ സ്വപ്നമെന്ന് രാഹുൽ ഗാന്ധി.. പുതുപ്പള്ളിയിൽ ആവേശം വിതറി കോൺഗ്രസ് നേതാവ്

കോട്ടയം: കേരളത്തിന്റെ ഭരണസാരഥ്യത്തിലേക്ക് ഒരു വനിതാ മുഖ്യമന്ത്രി എത്തുന്നത് താൻ സ്വപ്നം കാണാറുണ്ടെന്ന് കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി. പുതുപ്പള്ളിയിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വനിതാ ശാക്തീകരണമാണ് കോൺഗ്രസിന്റെ മുഖ്യലക്ഷ്യമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രി ചുമതലയേൽക്കുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു. അതെന്റെ ഒരു സ്വപ്നമാണ്,” രാഹുൽ പറഞ്ഞു. ഈ പരാമർശം വേദിയിലുണ്ടായിരുന്ന വനിതാ പ്രവർത്തകർ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്. എന്നാൽ പുരുഷന്മാർ ഇതിന് അത്ര ആവേശത്തോടെ കയ്യടിച്ചില്ലെന്ന് രാഹുൽ തമാശരൂപേണ ചൂണ്ടിക്കാട്ടി. സ്ത്രീകളെ രാഷ്ട്രീയത്തിന്റെ മുൻനിരയിലേക്ക് കൊണ്ടുവരിക എന്നത് കോൺഗ്രസിന്റെ പ്രഖ്യാപിത നിലപാടാണെന്നും അദ്ദേഹം വ്യക്തമാക്കി.
മധ്യകേരളത്തിലെ കർഷകരുടെ പ്രധാന പ്രശ്നമായ റബർ വിലയിൽ നിർണ്ണായകമായ വാഗ്ദാനമാണ് രാഹുൽ ഗാന്ധി നൽകിയത്. യുഡിഎഫ് അധികാരത്തിൽ വന്നാൽ ചേരുന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ റബറിന്റെ താങ്ങുവില 250 രൂപയായി നിശ്ചയിക്കും. താങ്ങുവില ഘട്ടംഘട്ടമായി 300 രൂപയിലേക്ക് ഉയർത്തും. പത്ത് വർഷം ഭരണത്തിലിരുന്നിട്ടും റബർ കർഷകരെ തിരിഞ്ഞുനോക്കാത്ത ഇടത് സർക്കാരിനെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. കർഷകരുടെ കണ്ണീരൊപ്പാൻ യുഡിഎഫിന് മാത്രമേ സാധിക്കൂ എന്ന് അദ്ദേഹം അവകാശപ്പെട്ടു.
മുഖ്യമന്ത്രി പിണറായി വിജയനെ നരേന്ദ്ര മോദി സംരക്ഷിക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. “ശബരിമലയിലെ സ്വർണ്ണം ഇടത് നേതാക്കൾ മോഷ്ടിച്ചിട്ടും എന്തുകൊണ്ടാണ് പ്രധാനമന്ത്രി മിണ്ടാത്തത്? പിണറായി വിജയനെയോ അദ്ദേഹത്തിന്റെ മക്കളെയോ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടാണ്?” രാഹുൽ ചോദിച്ചു. കേരളത്തിൽ എൽഡിഎഫ് ഭരിക്കണമെന്നാണ് മോദി ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് അഴിമതി ആരോപണങ്ങളിൽ അന്വേഷണം നടക്കാത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയോടുള്ള ആദരസൂചകമായാണ് താൻ പുതുപ്പള്ളിയിൽ എത്തിയതെന്ന് രാഹുൽ പറഞ്ഞു. അനാരോഗ്യം മറന്നും തന്റെ കൂടെ ഭാരത് ജോഡോ യാത്രയിൽ ഉമ്മൻചാണ്ടി പങ്കെടുത്തത് അദ്ദേഹം വൈകാരികമായി സ്മരിച്ചു. ചാണ്ടി ഉമ്മനെ കൈപിടിച്ചുയർത്തി വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.



