കാട്ടുപന്നി ബൈക്കിൽ ഇടിച്ച് കുടുംബനാഥന് പരിക്ക്

കാട്ടുപന്നി ബൈക്കിൽ ഇടിച്ച് കുടുംബനാഥന് പരിക്ക്. പാലക്കാട് കിഴക്കഞ്ചേരി അമ്പിട്ടൻതരിശ് ചേലാടൻ റെജി (56) ആണ് പരിക്കേറ്റത്. ഇന്ന് രാവിലെ 5:40ന് മകനെ വടക്കഞ്ചേരിയിൽ കൊണ്ടുവിട്ട് തിരിച്ചു വരും വഴിയാണ് അപകടം നടന്നത്. പട്ടയംപാടത്തിനു സമീപം കുത്തനെയുള്ള ഇറക്കത്തിൽ വച്ചാണ് റെജി ഓടിച്ച ബൈക്കിൽ കാട്ടുപന്നി ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡിൽ നിന്നും ബൈക്ക് 20 അടിയോളം ദൂരത്തിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് തെറിച്ചു പോയി. റെജിക്ക്‌ കാലുകൾക്കാണ് പരിക്കേറ്റത്. പിന്നീട് നാട്ടുകാർ ചേർന്ന് വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പ്രദേശത്തെ കാട്ടുപന്നി ശല്യം വ്യാപകമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. അതിരാവിലെ ബൈക്കുമായി യാത്ര ചെയ്യുന്നവരാണ് മിക്കവാറും അപകടത്തിൽപ്പെടുന്നത്.

Related Articles

Back to top button