ഇന്ധനം നിറയ്ക്കുന്നതിനിടെ പെട്രോൾ പമ്പിൽ നിർത്തിയിട്ട വാഹനത്തിന് തീപിടിച്ചു…

കുവൈത്തിലെ ഒരു പെട്രോൾ സ്റ്റേഷനിൽ തീപിടുത്തം. സ്റ്റേഷൻ ജീവനക്കാരുടെ സമയോചിതമായ ഇടപെടലിൽ വൻ ദുരന്തം ഒഴിവായി. കുവൈത്തിലെ ജഹ്റ ഗവർണറേറ്റിലെ ഖസർ പ്രദേശത്തുള്ള ഒരു പെട്രോൾ പമ്പിലാണ് തീപിടുത്തം ഉണ്ടായത്. ഒരു വാഹനത്തിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഹനത്തിനാണ് തീപിടിച്ചത്. വാഹനത്തിന്റെ എൻജിനാണ് തീ പിടിച്ചത്. മുന്നിലുണ്ടായിരുന്ന വാഹനത്തിൽ ഒരു ജീവനക്കാരൻ ഇന്ധനം നിറയ്ക്കുകയായിരുന്നു. തീ പടരുന്നത് കണ്ടതും ഇന്ധനം നിറച്ചുകൊണ്ടിരുന്ന നോസിൽ പുറത്തേക്കെടുത്ത് ജീവനക്കാരൻ മാറി. എൻജിനിൽ നിന്ന് തീ വലിയ രീതിയിൽ പടരാൻ തുടങ്ങിയതോടെ ജീവനക്കാർ അഗ്നിശമന ഉപകരണം ഉപയോഗിച്ച് തീ കെടുത്താൻ ശ്രമിച്ചു. അതേസമയം മറ്റുള്ളവർ വാഹനം പമ്പിന് സമീപത്ത് നിന്ന് തള്ളി മാറ്റുകയും ചെയ്തു.
ആദ്യം തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും വീണ്ടും തീ പടരാൻ തുടങ്ങി. ഉടൻ തന്നെ കുവൈത്ത് ഫയർ ഫോഴ്സ് സംഘം സംഭവ സ്ഥലത്തെത്തുകയും വാഹനത്തിൽ പടർന്ന തീ അണയ്ക്കുകയും പ്രദേശം സുരക്ഷിതമാക്കുകയും ചെയ്തു. സംഭവത്തിൽ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീ പടർന്ന വാഹനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുള്ളതായി കുവൈത്ത് ഫയർഫോഴ്സ് അറിയിച്ചു. പെട്രോൾ പമ്പ് ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ കൊണ്ടാണ് വലിയൊരു ദുരന്തം ഒഴിവായത്