മൂക്കിൽ നിന്നും ചെവിയിൽ നിന്നും രക്തം! നഷ്ടമായത് എട്ടേ മുക്കാൽ പവന്റെ താലി, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

രാവിലെ മുറ്റമടിക്കുന്നതിന് മുൻപ് ശുചിമുറിയിൽ കയറിയതിന് ശേഷം പുറത്തിറങ്ങിയ യുവതിയെ കണ്ടെത്തുന്നത് മൂക്കിൽ നിന്നും ചെവിയിൽ നിന്നും രക്തം വരുന്ന നിലയിൽ. ബെംഗളൂരുവിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ബെംഗളൂരുവിലെ മാദനായകനഹള്ളി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഹുസ്കൂരിലാണ് 45കാരി ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. ടോയ്ലറ്റിൽ പോയി പുറത്തിറങ്ങിയതിന് പിന്നാലെ കുഴഞ്ഞുവീണു മരിച്ചു. മോഷണ ശ്രമത്തിന് പിന്നാലെയാണ് മരണമെന്നാണ് ദൃക്സാക്ഷികൾ വിശദമാക്കുന്നത്. ഇവരുടെ കഴുത്തിലുണ്ടായിരുന്ന 70 ഗ്രാം തൂക്കമുള്ള സ്വർണ്ണമാല കാണാതായിട്ടുണ്ട്. ഹുസ്കൂർ സ്വദേശി ജ്യോതി ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ 5.30-ന് വീടിന്റെ കോമ്പൗണ്ടിനുള്ളിലെ ശുചിമുറിയിൽ പോയി പുറത്തിറങ്ങിയ ജ്യോതിയെ മൂക്കിൽ നിന്നും ചെവിയിൽ നിന്നും രക്തം വാർന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.
തിങ്കളാഴ്ച രാവിലെ വീടിന്റെ മുൻവശം വൃത്തിയാക്കാനുള്ള ഒരുക്കത്തിലായിരുന്നു ജ്യോതിയെന്നാണ് പോലീസ് വിശദമാക്കുന്നത്. ജ്യോതിയുടെ മുഖത്ത് അജ്ഞാതർ സ്പ്രേ പോലുള്ള എന്തോ അടിച്ച് മാല പൊട്ടിച്ച് കടന്നു കളഞ്ഞതാണെന്നാണ് നാട്ടുകാർ പറയുന്നത്. 45കാരിയുടെ താലി മാല പൊട്ടിച്ചവർ ബൈക്കിൽ രക്ഷപ്പെട്ടതായും പ്രദേശവാസികൾ ആരോപിക്കുന്നുണ്ട്. വിവരമറിഞ്ഞ ഉടൻ മാദനായകനഹള്ളി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും നാട്ടുകാരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. എന്നാൽ 45കാരിയുടെ മുഖത്ത് എന്തെങ്കിലും സ്പ്രേ ചെയ്തതായി സൂചനയില്ലെന്നാണ് പോലീസ് നൽകുന്ന സൂചന. ഡിസിപി നാഗേഷ് നേരിട്ട് സ്ഥലം സന്ദർശിച്ചു. ടോയ്ലറ്റിൽ നിന്ന് പുറത്തിറങ്ങിയ ശേഷം സ്ത്രീ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നുവെന്ന് ഇദ്ദേഹം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇവരുടെ കഴുത്തിൽ താലിമാലയും, കാതിൽ കമ്മലും നഷ്ടമായിട്ടുണ്ട്. എന്നാൽ സ്പ്രേ പ്രയോഗം നടന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുകയാണെന്നും ഡിസിപി വ്യക്തമാക്കി. കേസെടുത്ത പോലീസ്, പരിസരത്തെ റോഡുകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. മരണം ദുരൂഹമായതിനാൽ, പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകൂ. കാണാതായ സ്വർണ്ണ മാലയെക്കുറിച്ചുള്ള വിവരങ്ങളും ഇതോടെ ലഭിക്കുമെന്നാണ് പ്രതീക്ഷ. ജ്യോതിയുടെ മൃതദേഹം ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.




