മൂന്ന് വയസ്സുകാരിയുടെ ചെവി തെരുവുനായ കടിച്ചെടുത്തു.. നായക്ക് പേവിഷബാധ?..
എറണാകുളത്ത് മൂന്ന് വയസ്സുകാരിക്ക് നേരെ തെരുവുനായ ആക്രമണം. വടക്കൻ പറവൂർ നീണ്ടുരിലാണ് സംഭവം. പറവൂർ സ്വദേശി മിറാഷിന്റെ മകൾ നിഹാരയ്ക്കാണ് നായയുടെ കടിയേറ്റത്. കുട്ടിയുടെ ചെവി നായ കടിച്ചെടുത്തു. ഇന്ന് വൈകിട്ട് നാല് മണിയോടെ വീടിനോട് ചേർന്നുള്ള അമ്പലത്തിന്റെ പരിസരത്തു വെച്ചാണ് കുട്ടിയെ തെരുവുനായ ആക്രമിച്ചത്. നായക്ക് പേവിഷബാധ ഉണ്ടോ എന്ന് സംശയമുണ്ട്. കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളം സ്പെഷ്യാലിറ്റി ആശുപത്രിയിൽ എത്തിച്ച് പേവിഷ പ്രതിരോധ കുത്തിവെപ്പ് നൽകി. കുട്ടിയെ കടിച്ച നായയെ നാട്ടുകാർ ചേർന്ന് തല്ലിക്കൊന്നു. സ്ഥലത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാരനായ വിപിൻ പറയുന്നു. പ്രശ്ന പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്നാണ് നാട്ടുകാർ പറയുന്നത്.