മലമ്പുഴയിൽ വിഎസിന്റെ മകൻ മത്സരിക്കാനെത്തിയാൽ തീരുമാനത്തിൽ പുനർവിചിന്തനം; എ സുരേഷ്

പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയിട്ടില്ലെന്നും, എം.വി ഗോവിന്ദൻ്റെ പ്രസ്താവന ദുഖപ്പെടുത്തിയെന്നും വിഎസിൻ്റെ മുൻ പിഎ എ സുരേഷ്. മലമ്പുഴയിൽ വിഎസിന്റെ മകൻ മത്സരിക്കാനെത്തിയാൽ തീരുമാനത്തിൽ പുനർവിചിന്തനം നടത്തുമെന്നും സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. വിഡി സതീശൻ നയിക്കുന്ന യുഡിഎഫ് ജാഥയിലും പങ്കെടുക്കും.
എം.വി ഗോവിന്ദൻ്റെ പ്രസ്താവന ദുഖപ്പെടുത്തി. എന്താണ് ഞാൻ ചെയ്ത തെറ്റ്? പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയിട്ടില്ല. പാർട്ടിക്ക് പുറത്ത് നിൽക്കുമ്പോഴും പാർട്ടിക്കെതിരെ പ്രവർത്തിച്ചിട്ടില്ല. ഇപ്പോഴും പാർട്ടിയെ മനസ്സ് സൂക്ഷിക്കുന്നുണ്ട്. ഒരു പാർട്ടി ആനുകൂല്യവും പറ്റിയിട്ടില്ല. പ്രതിപക്ഷ നേതാവ് വിഡി സതീശൻ നയിക്കുന്ന യുഡിഎഫ് ജാഥയിൽ പങ്കെടുക്കും. പക്ഷെ കോൺഗ്രസിൻ്റെ ഭാഗമാകുകയോ, സിപിഎം വിമതർക്കൊപ്പം നിൽക്കുകയോ ചെയ്യില്ലെന്നും ,അവരുടെ കൺവെൻഷനിലും പങ്കെടുക്കില്ലെന്നും സുരേഷ് പറഞ്ഞു.
യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ പ്രയാസമില്ല. പക്ഷേ തിരഞ്ഞെടുപ്പിന് ശേഷം എന്ത് എന്ന ആശങ്കയുണ്ട്. മലമ്പുഴയിൽ തോറ്റാലും പ്രശ്നമില്ല. രാഷ്ട്രീയം പറയാനുള്ള വേദിയാണ് തിരഞ്ഞെടുപ്പ്. അവിടെ ജയവും തോൽവിയും പ്രശ്നമല്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വിഎസ് അച്യുതാനന്ദന്റെ മകൻ മലമ്പുഴയിൽ മത്സരിക്കാനെത്തിയാൽ തന്റെ തീരുമാനത്തിൽ പുനർവിചിന്തനം നടത്തുമെന്നും മകനെതിരെ മത്സരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും സുരേഷ് വ്യക്തമാക്കി



