ടിപ്പര്‍ ലോറി നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം…

തിരുവനന്തപുരം: ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് കാറിലും ബൈക്കിലും ഇടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു. കൂടെയുണ്ടായിരുന്ന സൃഹൃത്തിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെമ്പായം കൊപ്പം സ്വദേശി ആദിത്യന് (22) ആണ് മരിച്ചത്. കൂടെ സഞ്ചരിച്ചിരുന്ന സുഹൃത്ത് കാട്ടാക്കട കട്ടക്കോട് കൊഴുക്കല്‍കോണം എസ്ജെ നിവാസില്‍ ജൂലി ഇഗ്നേഷ്യസിനെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വെഞ്ഞാറമൂട് പിരപ്പന്‍കോട്-പാലാംകോണം നാഗരുകുഴിയില്‍ ബുധനാഴ്ച ഉച്ചയോടെയാണ് അപകടം. പാറ കയറ്റി പോയിരുന്ന ലോറി കയറ്റം കയറുമ്പോള്‍ നിയന്ത്രണം വിട്ട് പിന്നിലേക്ക് ഉരുണ്ട് കാറിലും രണ്ടു ബൈക്കുകളിലുമായി ഇടിക്കുകയും പിന്നാലെ ലോറി മറിയുകയുമായിരുന്നുവെന്നു പറയുന്നു. അപകട വിവരമറിഞ്ഞെത്തിയ നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് കാറില്‍ കുടുങ്ങിയവരെയും ബൈക്ക് യാത്രക്കാരെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ആദിത്യന്റെ ജീവന് രക്ഷിക്കാനായില്ല.



