’20 രൂപയ്ക്ക് ആറ് പാനിപൂരി നല്‍കിയില്ല’.. കച്ചവടക്കാരനോട് വഴക്കിട്ട് റോഡില്‍ യുവതിയുടെ പ്രതിഷേധം..

ഗുജറാത്തിലെ വഡോദരയിൽ, 20 രൂപയ്ക്ക് ആറ് പാനിപൂരി ലഭിക്കാത്തതിനെത്തുടർന്ന് യുവതി നടുറോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. നഗരത്തിലെ സുർസാഗർ തടാകത്തിന് സമീപം പാനിപൂരി വാങ്ങാനെത്തിയ യുവതിക്ക് കച്ചവടക്കാരൻ നാല് പാനിപൂരിയാണ് നൽകിയത്. എന്നാൽ, 20 രൂപയ്ക്ക് ആറെണ്ണം വേണമെന്ന് യുവതി ആവശ്യപ്പെട്ടെങ്കിലും കച്ചവടക്കാരൻ വഴങ്ങിയില്ല. ഇതോടെ പ്രകോപിതയായ യുവതി റോഡിന് നടുവിൽ കുത്തിയിരുന്ന് പ്രതിഷേധം ആരംഭിക്കുകയായിരുന്നു.
തുടർന്ന്, സ്ഥലത്ത് വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. വഴിയാത്രക്കാർ ഈ രംഗം മൊബൈലിൽ പകർത്താൻ തുടങ്ങി. ഒടുവിൽ, പോലീസ് സ്ഥലത്തെത്തി യുവതിയുമായി സംസാരിച്ചു. കണ്ണീരോടെയാണ് യുവതി പോലീസിനോടും തന്റെ ആവശ്യം ആവർത്തിച്ചത്. പോലീസ് ഉദ്യോഗസ്ഥർ യുവതിയെ അനുനയിപ്പിച്ച് റോഡിൽ നിന്ന് മാറ്റിയതോടെയാണ് ഗതാഗതം സാധാരണ നിലയിലായത്. യുവതിക്ക് ആറ് പാനിപൂരി ലഭിച്ചോ എന്നതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമല്ല.


