കൊല്ലത്ത് ആറു വയസ്സുകാരി വീട്ടുമുറ്റത്തെ കിണറ്റിൽ വീണുമരിച്ചു….

കൊല്ലം: ആറു വയസ്സുകാരി വീട്ടുമുറ്റത്തെ കിണറ്റിൽ വീണു മരിച്ചു. കരീപ്ര ഉളകോട് സ്വദേശികളായ ടി. അനന്തുവിന്റെയും ഗീതുവിന്റെയും ഏകമകൾ അവന്തികയാണു മരിച്ചത്. മുളവൂർക്കോണത്ത് വാടകയ്ക്കു താമസിക്കുകയായിരുന്നു ഇവർ. ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടരയോടെയായിരുന്നു സംഭവം. ഗീതുവും അവന്തികയും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. ഗീതു പറമ്പിലെ പപ്പായ കുത്തിയിടുമ്പോൾ ഒപ്പം നിൽക്കുകയായിരുന്നു അവന്തിക. കിണറിനു സമീപത്തുണ്ടായിരുന്ന സ്റ്റൂളിൽ കയറി ആൾമറയിലേക്കു പിടിച്ചുകയറാൻ ശ്രമിക്കവേ കിണറ്റിലേക്കു വീഴുകയായിരുന്നു.

ഓടിയെത്തിയ ഗീതു കുട്ടിയുടെ കയ്യിൽ പിടിച്ചെങ്കിലും വഴുതിപ്പോയി. നിലവിളി കേട്ടെത്തിയ പ്രദേശവാസികളിൽ ഒരാൾ കിണറ്റിലിറങ്ങി കുട്ടിയെ പുറത്തെടുത്തു. ഉടൻ തന്നെ നെടുമൺകാവ് സിഎച്ച്സിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മടന്തകോട് ഇവിയുപിഎസിലെ ഒന്നാം ക്ലാസ് വിദ്യാർഥിയാണ് അവന്തിക. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

Related Articles

Back to top button