പൂജ സാധനങ്ങൾ വിൽക്കുന്ന കട എന്നാൽ അകത്തെ കച്ചവടം….
കുന്നംകുളം കേച്ചേരിയില്‍നിന്ന് പുകയില ഉത്പന്നങ്ങളുമായി പൂജ സ്റ്റോര്‍ ഉടമയെ കുന്നംകുളം റെയിഞ്ച് എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കേച്ചേരി ചിറനല്ലൂര്‍ സ്വദേശി തസ്വീറി (40) നെയാണ് കുന്നംകുളം റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ മണികണ്ഠന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ചാക്കുകളിലായി സൂക്ഷിച്ച നിരോധിത പുകയില ഉൽപ്പന്നമായ ഹാന്‍സാണ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കേച്ചേരി മാര്‍ക്കറ്റിനുള്ളിൽ പൂജാ സാധനങ്ങൾ വിൽക്കുന്ന കടയിൽ നടത്തിയ പരിശോധനയില്‍ നൂറിലധികം പാക്കറ്റ് ഹാന്‍സാണ് പിടികൂടിയത്.നിരോധിത പുകയില ഉൽപ്പന്നങ്ങള്‍ വിൽപ്പന നടത്തുന്നതുമായി ബന്ധപ്പെട്ട് കുന്നംകുളം പൊലീസും എക്സൈസും നിരവധിതവണ പൂജ സ്റ്റോറില്‍ പരിശോധന നടത്തി ലഹരി ഉൽപ്പന്നങ്ങള്‍ പിടികൂടിയിട്ടുണ്ട്. സ്ഥാപന ഉടമ തസ് വീറിനെയും സഹായിയെയും അറസ്റ്റ് ചെയ്തിട്ടുമുണ്ട്. വരും ദിവസങ്ങളിലും മേഖലയില്‍ പരിശോധന ശക്തമാക്കുമെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഗ്രേഡ് അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ പി ജി ശിവശങ്കരന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഗണേശന് പിള്ള, ജിതിന്, എന്‍ കെ സതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.