വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എൽപിജിയുമായി ഒരു കപ്പൽ

ഇറാനെതിരായ ഉപരോധങ്ങളിൽ അമേരിക്ക താൽക്കാലിക ഇളവ് അനുവദിച്ചതിനെത്തുടർന്ന് വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഇന്ത്യ ഇറാനിൽ നിന്ന് ദ്രാവക പെട്രോളിയം ഗ്യാസ് (എൽപിജി) വാങ്ങി. അമേരിക്ക-ഇസ്രായേൽ സഖ്യം ഇറാനുമായി നടത്തുന്ന യുദ്ധം മൂലം ഹോർമുസ് കടലിടുക്ക് വഴിയുള്ള ഇന്ധന നീക്കം തടസപ്പെട്ടതോടെ രാജ്യം നേരിടുന്ന കടുത്ത ഊർജ്ജപ്രതിസന്ധിക്ക് പരിഹാരമായാണ് ഈ നീക്കം. ഇറാനിൽ നിന്നുള്ള എൽപിജി വഹിച്ചുകൊണ്ടുള്ള ‘അറോറ’ എന്ന ടാങ്കർ ഉടൻ തന്നെ മംഗളൂരു തുറമുഖത്ത് അടുക്കുമെന്നാണ് റിപ്പോർട്ടുകൾ. 2019-ൽ പാശ്ചാത്യ രാജ്യങ്ങളുടെ സമ്മർദ്ദത്തെത്തുടർന്ന് ഇറാനിൽ നിന്നുള്ള ഇന്ധന ഇറക്കുമതി ഇന്ത്യ നിർത്തിവെച്ചിരുന്നു.
ഇറാനിൽ നിന്ന് വാങ്ങിയ ഈ എൽപിജി ശേഖരം പൊതുമേഖലാ സ്ഥാപനങ്ങളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി), ഭാരത് പെട്രോളിയം (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം (എച്ച്പിസിഎൽ) എന്നീ കമ്പനികൾ പങ്കിട്ടെടുക്കും. ഒരു സ്വകാര്യ വ്യാപാരി വഴിയാണ് ഈ ഇടപാട് നടന്നിരിക്കുന്നത് എന്നും ഇന്ത്യൻ രൂപയിലായിരിക്കും ഇതിനുള്ള പണമടയ്ക്കുക എന്നും വിശ്വസനീയ കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നു. കൂടുതൽ എൽ.പി.ജി ശേഖരം ഇറാനിൽ നിന്ന് വാങ്ങുന്നതിനെക്കുറിച്ചും ഇന്ത്യ ആലോചിക്കുന്നുണ്ട്. എന്നാൽ ഇത്തരമൊരു നീക്കത്തെക്കുറിച്ച് തനിക്ക് അറിവില്ലെന്നാണ് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം സ്പെഷ്യൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ വാർത്താസമ്മേളനത്തിൽ പ്രതികരിച്ചത്



