ഇനി റെസ്റ്റോറന്റുകളിൽ പോയി കഴിച്ചിട്ട് ആഹാരം ബാക്കി വയ്ക്കാൻ വരട്ടെ.. പണികിട്ടും!
ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലുമൊക്കെ പോയി ആഹാരം കഴിച്ചിട്ട് ബാക്കി വയ്ക്കുക എന്നത് മിക്ക ആളുകൾക്കും ഉള്ള ഒരു സ്വഭാവമാണ്. ആവശ്യത്തിൽ കൂടുതലും ആഹാരം ഓർഡർ ചെയ്യുന്നത് കൊണ്ടാണ് മിക്കപ്പോഴും ഇങ്ങനെ ആഹാരം പാഴാക്കേണ്ടി വരുന്നത്. എന്നാൽ ഇനി അങ്ങനെ ചെയ്താൽ പണികിട്ടും! എങ്ങനെയെന്നല്ലേ? ഇതിന് പരിഹാരം കാണുന്നതിനായി ഒരു പൂനെയിലെ റെസ്റ്റോറന്റ് ഒരു വ്യത്യസ്ത മാർഗം സ്വീകരിച്ചു.
ഒരു ഉപഭോക്താവ് എക്‌സിൽ പങ്കുവച്ച പോസ്റ്റാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ആഹാരം പാഴാക്കുന്നവരിൽ അധികമായി 20 രൂപ ഈടാക്കുകയാണ് പൂനെയിലെ ഈ ദക്ഷിണേന്ത്യൻ റെസ്റ്റോറന്റ് ചെയ്യുന്നത്. മെനു ബോർഡിൽ ഇക്കാര്യവും അറിയിച്ചിട്ടുണ്ട്.
‘പൂനെയിലെ ഒരു ഹോട്ടൽ ഭക്ഷണം പാഴാക്കുന്നവരിൽ നിന്ന് 20 രൂപ അധികമായി ഈടാക്കുന്നു. എല്ലാ റെസ്റ്റോറന്റുകളും ഇത് നടപ്പിലാക്കണം. വിവാഹങ്ങൾക്കും ചടങ്ങുകൾക്കും പിഴ ഈടാക്കാൻ തുടങ്ങണം’-എന്ന കുറിപ്പോടെയാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. പോസ്റ്റ് വൈറലായതിന് പിന്നാലെ ഭക്ഷണം പാഴാക്കുന്നത് തടയാനുള്ള നീക്കത്തെ ഏറെപ്പേർ സ്വാഗതം ചെയ്തു. എന്നാൽ പ്രതികൂലമായും മറ്റു ചിലർ പ്രതികരിച്ചിട്ടുണ്ട്.




