4 ലക്ഷത്തിലധികം വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷം…പ്രിയങ്കക്ക് സ്വന്തം…

വയനാട് ലോക്സഭ മണ്ഡലത്തിൽ റെക്കോഡ് ഭൂരിപക്ഷവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി വിജയിച്ചു. വോട്ടെണ്ണലിന്‍റെ എല്ലാ റൗണ്ടിലും എതിരാളികളെ നിഷ്പ്രഭരാക്കി മുന്നേറിയ പ്രിയങ്ക ഗാന്ധി 408036 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷത്തിലാണ് കന്നിയങ്കത്തിൽ വിജയമുറപ്പിച്ചത്. വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിച്ചപ്പോള്‍ ലഭിച്ച ഭൂരിപക്ഷം മറികടന്നുകൊണ്ടാണ് പ്രിയങ്കയുടെ മിന്നും ജയം. വോട്ടിങ് ശതമാനം കുറഞ്ഞത് പ്രിയങ്കയുടെ ഭൂരിപക്ഷത്തെ ബാധിക്കുമെന്ന പ്രചാരണം ഉണ്ടായിരുന്നെങ്കിലും വോട്ടെണ്ണൽ തുടങ്ങിയതോടെ തന്നെ പ്രിയങ്കയുടെ ഭൂരിപക്ഷം നാലു ലക്ഷം കടക്കുമെന്ന് വ്യക്തമായിരുന്നു.

അഞ്ചു ലക്ഷം ഭൂരിപക്ഷത്തിന് പ്രിയങ്ക ജയിക്കുമെന്നാണ് യുഡിഎഫ് നേതാക്കള്‍ വോട്ടെടുപ്പിന് മുമ്പ് പറഞ്ഞിരുന്നതെങ്കിലും വോട്ടിങ് ശതമാനം കുറഞ്ഞതോടെ ഭൂരിപക്ഷം കുറയുമെന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ, വോട്ടിങ് ശതമാനം കുറഞ്ഞിട്ടും നാലുലക്ഷത്തിലധികം വോട്ടുകള്‍ നേടിയത് വയനാട് മണ്ഡലം യുഡിഎഫിന്‍റെ ഉറച്ച കോട്ടയാണെന്ന് ഒന്ന് കൂടി അടിവരയിടുന്നതായി മാറി. ദില്ലിയിലെ പ്രിയങ്ക ഗാന്ധിയുടെ വസതിക്ക് മുന്നിൽ മധുരം വിതരണം ചെയ്താണ് പ്രവര്‍ത്തകര്‍ പ്രിയങ്കയുടെ വിജയം ആഘോഷിച്ചത്.

Related Articles

Back to top button