ജമ്മു കശ്മീരിലെ ഉധംപുരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടി; ഒരു പോലീസുകാരന് വീരമൃത്യു

ജമ്മു കശ്മീരിലെ ഉധംപുരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു പോലീസുകാരന് വീരമൃത്യു. ജമ്മു കശ്മീർ പോലീസ് സേനാംഗം ആണ് വീരമൃത്യു വരിച്ചത്. ഇന്നലെ വൈകിട്ട് മജൽട്ട ഗ്രാമത്തിൽ ആരംഭിച്ച ഏറ്റുമുട്ടലിലാണ് പോലീസുകാരൻ കൊല്ലപ്പെട്ടത്. ഭീകരർ വനത്തിൽ ഒളിച്ചിരിക്കുന്നുവെന്ന വിവരം ലഭിച്ചതിന് പിന്നാലെ സുരക്ഷാ സേന ഇവിടേക്കെത്തുകയായിരുന്നു. ഇതിന് പിന്നാലെ ഭീകരർ സേനയ്ക്ക് നേരെ വെടിയുതിർത്തു. സുരക്ഷാ സേനയുടെ വെടിവെപ്പിൽ ഒരു ഭീകരനും പരിക്കേറ്റിട്ടുണ്ട്.

മേഖലയിൽ വെടിവെപ്പ് അവസാനിച്ചുവെങ്കിലും സുരക്ഷാ സേനയുടെ കർശനമായ നിരീക്ഷണം തുടരുകയാണ്. വനത്തിൽ ഒളിച്ചിരിക്കുന്ന ഭീകരർ രക്ഷപെടാൻ സാധ്യതയുള്ള എല്ലാ വഴികളും സൈന്യം അടച്ചിട്ടുണ്ട്. ജയ്ഷെ മുഹമ്മദുമായി ബന്ധമുള്ളവരാണ് ആക്രമണം നടത്തിയ ഭീകരർ എന്നാണ് നിഗമനം. ജമ്മു കശ്മീർ പോലീസിന് ലഭിച്ച രഹസ്യവിവരത്തിന് പിന്നാലെ വനമേഖലയിൽ പരിശോധന നടത്താനാണ് സുരക്ഷാ സേന സംഭവസ്ഥലത്തെത്തുന്നത്. ഇതിനിടെയാണ് സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടിയതും ഒരു പോലീസുകാരൻ വീരമൃത്യു വരിച്ചതും.

Related Articles

Back to top button