‘ഒരു ഡ്രോൺ കൂടി ചുറ്റിത്തിരിയുന്നുണ്ട് ഷാജിമാമാ, അതിനെ ലക്ഷ്യമിട്ടിരിക്കുകയാ’; അതിർത്തിയിൽ നിന്നൊരു ഫോൺ കോൾ..
മലയാളിക്ക് യുദ്ധമെന്നത് ആയിരക്കണക്കിന് കിലോമീറ്ററകലെ മുഴങ്ങുന്ന ഒരു വെടിയൊച്ച മാത്രമാണ്. അതുകൊണ്ട് തന്നെ യുദ്ധമെന്ന് കേൾക്കുമ്പോൾ ഒരു പഴയ പട്ടാളക്കാരന്‍റെ വീര്യത്തോടെ മലയാളി ആവേശം കൊള്ളുന്നു. അപ്പോഴും നമ്മൾ മറന്നുപോകുന്നൊരു കാര്യമുണ്ട്. അതിർത്തിയില്‍ ഉന്നം പിടിച്ചിരിക്കുന്നവരില്‍ നമ്മുടെ അച്ഛന്മാരുണ്ട്, സഹോദരങ്ങളുണ്ട്, മക്കളുണ്ട്, മരുമക്കളുണ്ടെന്ന് ഓർമ്മപ്പെടുത്തി പ്രശസ്ത എഴുത്തുകാരന്‍ പി വി ഷാജി കുമാറിന്‍റെ കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടുന്നു
ഓപ്പറേഷന്‍ സിന്ദൂരിന് പിന്നാലെ തുടരുന്ന ഇന്ത്യ – പാക് സംഘര്‍ഷത്തിനിടെ പഞ്ചാബിലെ പത്താന്‍കോട്ടിലെ മിലിട്ടറി ക്യാമ്പില്‍ ജോലി ചെയ്യുന്ന തന്‍റെ മരുമകന്‍ കൂടിയായ പട്ടാള ഉദ്യോഗസ്ഥന്‍റെ ഫോണ്‍ കോളിനെ കുറിച്ച് ഷാജി കുമാര്‍ എഴുതിയ കുറിപ്പാണ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. രാത്രിയുടെ കൂരിരുട്ടിൽ നിശബ്ദം രാജ്യാതിര്‍ത്തി കടന്നെത്തുന്ന ശത്രുവിന്‍റെ ഡ്രോണുകളെ ഉന്നം വച്ച് കിടക്കുന്ന ഒരു പട്ടാളക്കാരന്‍. ഖാലിദ് ഹൊസൈനിയുടെ ‘പട്ടം പറത്തുന്നവർ’ എന്ന പുസ്തകം വായിക്കുമ്പോൾ സങ്കടം വരുന്നൊരു പട്ടാളക്കാരന്‍
ഒരു നിമിഷത്തെ അശ്രദ്ധ ശത്രുവിന്‍റെ വിജയമായി ആഘോഷിക്കപ്പെടാന്‍ സാധ്യയുള്ളയിടം. ഉറക്കത്തിന്‍റെ അവസാന കണികളെ കൂടി വെടിവച്ചിട്ടുള്ള ജാഗ്രത. ആ ജാഗ്രതയ്ക്കിപ്പുറം യുദ്ധക്കൊതിയില്‍ സുഖമായി ഉറങ്ങുന്ന കോടാനുകോടി ജനത. ആ സുരക്ഷയില്‍ യുദ്ധത്തിന് വേണ്ടി കൊതി മൂത്ത് സമൂഹ മാധ്യമങ്ങളില്‍ മറഞ്ഞിരുന്ന് പോര്‍ വിളിക്കുന്നവരായി നമ്മളില്‍ പലരും മാറുന്നു
പി വി ഷാജി കുമാറിന്‍റെ കുറിപ്പ് വായിക്കാം.
പഞ്ചാബിലെ പത്താൻകോട്ടിലെ മിലിട്ടറി ക്യാമ്പിലാണ് രഞ്ജു(രജിൻ), എന്‍റെ മൂത്തചേച്ചി ഉഷയേട്ടിയുടെ മകൻ. അവൻ ഒറ്റയൊരുത്തൻ കാരണമാണ് വെറും ആറാംവയസിൽ എനിക്ക് അമ്മാവനാവേണ്ടി വന്നത്..!
നടനാവണമെന്നായിരുന്നു അവന് ആഗ്രഹം, ജീവിതം പതിനെട്ടാം വയസിൽ കോഴിക്കോട്ടെസിൽവർ ഹിൽസ് ഗ്രൗണ്ടിൽ വെച്ച് നടന്ന മിലിട്ടറി റിക്രൂട്ട്മെൻറിൽ അവനെ പട്ടാളക്കാരനാക്കി.
മിലിട്ടറിയിലെത്തിയിട്ടും സിനിമകളോടും പുസ്തകങ്ങളോടുമുള്ള ഇഷ്ടം വിട്ടുപോയിട്ടില്ലവന്. ഖാലിദ് ഹൊസൈനിയുടെ ‘പട്ടം പറത്തുന്നവർ’ ആണ് അവൻറെ പ്രിയപുസ്തകം. അത് വായിക്കുമ്പോഴെല്ലാം സങ്കടം വരുമെന്ന് അവൻ പറയും.
ഓപ്പറേഷൻ സിന്തൂറിൽ ഇന്ത്യ തിരിച്ചടിച്ച ഇടങ്ങളിലൊന്ന് അവൻറെ ക്യാമ്പിൽ നിന്ന് 30 കിലോമീറ്റർ അപ്പുറത്തായുള്ള പാക്പ്രവിശ്യയായിരുന്നു. അന്ന് മുതൽ പത്താൻകോട്ടിൽ 15 മീറ്റർ നീളത്തിൽ താൽക്കാലികമായുണ്ടാക്കിയ ഇരുമ്പുകൂടാരത്തിലാണ് അവനും കൂടെയുള്ള പട്ടാളക്കാരും ശത്രുക്കളെയും നോക്കി രാത്രിയില്ലാതെ ജാഗരൂകരായിരിക്കുന്നത്. വെളിച്ചമെല്ലാം കെടുത്തി, ഒച്ചയേതുമുണ്ടാക്കാതെ.
മിനിയാണ് രാത്രിയിൽ പത്താൻകോട്ടിലും സമീപദേശങ്ങളിലും വന്ന പാക്ഡ്രോണുകളെയെല്ലാം അവർ തകർത്തിട്ടു.
“ഒരു ഡ്രോൺ കൂടി ചുറ്റിത്തിരിയിന്നുണ്ട് ഷാജിമ്മാമാ..അതിനെ ലക്ഷ്യമിട്ടിരിക്കുകയാ..”
പാതിരാത്രിയിൽ ഞാൻ വിളിക്കവെ അവൻ പറഞ്ഞു.
അതും തീർത്തിട്ടാണ് അവരുടെ ആ രാത്രി തീർന്നത്.
രണ്ട് ദിവസത്തിനുള്ളിൽ ഫസ്റ്റ് റെജിമെൻറായി നമ്മൾ ജമ്മുവിലേക്ക് പോകേണ്ടിവരുമെന്ന് പിറ്റേന്ന് അവൻ നിസംഗതയോടെ പറഞ്ഞപ്പോൾ എൻറെ മനസ് വിങ്ങി.
“നമ്മൾ പട്ടാളക്കാരുടെ കടമയല്ലേ ഷാജിമ്മാമാ. നമ്മളല്ലേ അത് ചെയ്യേണ്ടത്..”
അവൻ പറഞ്ഞു.
“നീ ശ്രദ്ധിക്കണം..”
വാക്കുകളിടറാതിരിക്കാൻ ശ്രമിച്ചുകൊണ്ട് ഞാൻ പറഞ്ഞു.
“ഞാൻ മാത്രമല്ലല്ലോ.. എല്ലാരുമില്ലേ..”
അവനത് പറഞ്ഞപ്പോൾ എനിക്കുത്തരം ഇല്ലായിരുന്നു.
“നിങ്ങളുടെ ശ്രദ്ധയാടാ ഞങ്ങളൊക്കൊ ഇപ്പൊ ബാക്കിയായി നിൽക്കുന്നേ..”
എനിക്ക് പറയണമെന്നുണ്ടായിരുന്നു. പറഞ്ഞില്ല.
അതിർത്തിയിൽ കാവലാളായി നിൽക്കുന്നവരെ പരിഹാസ്യരായി കാണുന്ന ചില മനുഷ്യരെ ആ നേരം ഓർത്തു. യുദ്ധത്തിന് വെറി പൂണ്ടുനടക്കുന്ന ചില മനുഷ്യരെയും…
പട്ടം പറഞ്ഞുന്നവരിലെ ഒരു വാചകം മാത്രം മനസിൽ തെളിയുന്നു: ..
“ വസന്തം വന്നെത്തുമ്പോള്‍ മഞ്ഞുപാളികള്‍ ഒന്നായ് ഉരുകി വീഴില്ല. മെല്ലെ മെല്ലെ ഓരോ പാളികളായ്..”
കുറിപ്പിന് താഴെ രാജ്യത്തിന്‍റെ സുരക്ഷയെ കുറിച്ചും യുദ്ധത്തിന്‍റെ അനിവാര്യതയെ കുറിച്ചും ചിലര്‍ കുറിപ്പെഴുതി. മറ്റ് ചിലര്‍ തങ്ങളുടെ ബന്ധുക്കളായ ജവാന്മാരുടെ അനുഭവങ്ങൾ കൂടി പങ്കുവച്ചു. മറ്റ് ചിലര്‍ മലയാളിയുടെ യുദ്ധക്കെതിയെ കുറിച്ച് വാചാലരായി. നിരവധി പേര്‍ ഹൃദയ ചിഹ്നങ്ങളും ലൈക്കും രേഖപ്പെടുത്തി