52 വർഷത്തെ പാർട്ടി പ്രവർത്തനത്തിന് ലഭിച്ചത് വഞ്ചനയും അവഹേളനവും ചതിയും..നമ്മളൊക്കെ വെളിയിലും മറ്റു പലരും അകത്തുമായി….
സിപിഐഎം സംസ്ഥാന കമ്മിറ്റിയില്‍ പരിഗണിക്കാതിരുന്നതില്‍ അതൃപ്തി വ്യക്തമാക്കി പത്തനംതിട്ട ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും മുന്‍ എംഎല്‍എയുമായ എ പത്മകുമാര്‍. 52 വര്‍ഷത്തെ പാര്‍ട്ടി പ്രവര്‍ത്തനത്തിന് തനിക്ക് ലഭിച്ചത് വഞ്ചനയും അവഹേളനവും ചതിയുമാണെന്നാണ് പത്മകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. തനിക്ക് കുറെ പ്രയാസങ്ങള്‍ ഉണ്ട്. പാര്‍ട്ടി സംസ്ഥാന സമ്മേളനം കഴിഞ്ഞു. നമ്മളൊക്കെ വെളിയിലും മറ്റു പലരും അകത്തുമായി. അതിന്റെ പ്രയാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
താന്‍ പാര്‍ട്ടിയില്‍ സ്ഥാനമാനങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. താന്‍ ചെറിയൊരു മനുഷ്യനാണ്. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയിലേക്ക് ഉള്‍പ്പെടെ ആളുകളെ എടുക്കുമ്പോള്‍ സംഘടനാ പ്രവര്‍ത്തനം നടത്തുന്നവരെ പരിഗണിക്കണം. ദേശാഭിമാനി വരിക്കാരെ ചേര്‍ക്കുന്നവര്‍ ഉള്‍പ്പെടെയുള്ളവരെ പരിഗണിക്കണം. പാര്‍ലമെന്ററി രംഗത്തെ പരിചയം മാത്രം നോക്കരുതെന്നും അദ്ദേഹം കുറിച്ചു. തന്റെ അതൃപ്തി പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പത്തനംതിട്ടയില്‍നിന്നു സംസ്ഥാന സമിതിയിലെ പ്രത്യേക ക്ഷണിതാവായി വീണാ ജോര്‍ജിനെ തിരഞ്ഞെടുത്തിരുന്നു. സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളെ അവഗണിച്ചു വീണയെ തിരഞ്ഞെടുത്തതിലാണു പത്മകുമാറിനു പ്രതിഷേധം എന്നാണ് സൂചന. അതേസമയം തന്റെ പ്രതിഷേധത്തിന് കാരണം വീണാ ജോര്‍ജിനെ പ്രത്യേക ക്ഷണിതാവാക്കിയതല്ലെന്നും മറ്റ് പല കാരണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കമ്മിറ്റിയില്‍ പരിഗണിക്കപ്പെടാതായതോടെ ഉച്ചഭക്ഷണം പോലും കഴിക്കാതെയായിരുന്നു അദ്ദേഹം വേദിയില്‍ നിന്നും മടങ്ങിയത്.