മുല്ലപ്പെരിയാർ തുറന്നു..പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം…
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ 13 ഷട്ടറുകൾ തുറന്നു. 10 സെന്റി മീറ്റർ വീതമാണ് ഷട്ടർ തുറന്നത്. സെക്കൻഡിൽ 250 ഘനയടി വെള്ളം വീതമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്. ജലനിരപ്പ് 136.25 അടിയിലേക്ക് ഉയർന്നതോടെയാണ് ഷട്ടറുകൾ തുറന്നത്. ഡാം തുറന്ന് കഴിഞ്ഞാൽ പെരിയാർ നദിയിലൂടെ ഒഴുകിയാണ് വെള്ളം ഇടുക്കി അണക്കെട്ടിൽ എത്തേണ്ടത്. പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.
വൃഷ്ടി പ്രദേശമായ പെരിയാർ കടുവ സങ്കേതത്തിലെ വനത്തിൽ വീണ്ടും മഴ ശക്തമായതോടെയാണ് ഡാമിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചത്. നദീ തീരത്തോട് വളരെയടുത്തുള്ള വെള്ളം കയറാൻ സാധ്യതയുള്ള വീടുകളിലുള്ളവർ ആവശ്യമെങ്കിൽ ബന്ധു വീടുകളിലേക്ക് മാറണം. പെരിയാർ നദിയിൽ കുളിക്കാനും മറ്റുമായി ഇറങ്ങുന്നത് ഒഴിവാക്കണം.നദി മുറിച്ചു കടക്കുന്നതും ഒഴിവാക്കണം. തീരദേശ വാസികൾ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. നിലവിൽ പെരിയാർ നദിയിലെ ജലനിരപ്പ് കുറവായതിനാൽ മുല്ലപ്പെരിയാർ വെള്ളമെത്തിയാലും കാര്യമായ വർധനവ് ഉണ്ടാകില്ല