അമ്മത്തൊട്ടിലിൽ നിന്നും അലാറാം മുഴങ്ങി, ഓടിയെത്തിയ ജീവനക്കാർ കണ്ടത് കുഞ്ഞിനെയല്ല, പകരം ഒരു പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ…. 

സംസ്ഥാന ശിശുക്ഷേമ സമിതി സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ നിന്ന് വൈകുന്നേരം അതിഥിയുടെ വരവ് അറിയിച്ച് അലാറം മുഴങ്ങി. പുതിയ അതിഥിയെ വരവേൽക്കാൻ ദത്തെടുക്കൽ കേന്ദ്രത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നേഴ്സിംഗ് സൂപ്രണ്ട് അജിതാ റാണിയും കേയർടേക്കർമാരും ശബ്ദം കേട്ടതിന് പിന്നാലെ ഓടിയെത്തി. എന്നാൽ, ഇത്തവണ അതിഥിയില്ല പകരം പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ ഒരു കൂട്ടം നാണയ തുട്ടുകൾ ആണ് കണ്ടത്. പത്ത് രൂപയുടെ 28 എണ്ണം, 20, 5, 2, 1 എന്നിവയുടെ യഥാക്രമം 2,50, 79,67 ഇങ്ങനെ ആകെ 795 രൂപ. അമ്മത്തൊട്ടിൽ സ്ഥാപിച്ചതിനു ശേഷം ഇതാദ്യമായാണ് കുട്ടികൾ അല്ലാതെ മറ്റ് സാധനങ്ങൾ പൊതുജനങ്ങൾ കൊണ്ട് വയ്ക്കുന്നതെന്ന് അധികൃതർ പറഞ്ഞു.

കുപ്പത്തൊട്ടികൾ പോലുള്ള സ്ഥലങ്ങളിൽ ഉപേക്ഷിക്കപ്പെടുന്നതിനു പകരം, അത്തരം നവജാതശിശുക്കളെ കൊണ്ടുവെയ്ക്കുന്നതിനു വേണ്ടി പ്രത്യേകം സ്ഥാപിച്ച സംവിധാനമാണ് അമ്മത്തൊട്ടിൽ.ഒരു നിശ്ചിത ഭാരത്തിൽ കൂടുതൽ അമ്മത്തൊട്ടിലിൽ എത്തിയാൽ അലാറം മുഴങ്ങും. ഇങ്ങനെ അലാറം മുഴങ്ങിയത് കേട്ട് ജീവനക്കാർ എത്തിയപ്പോഴാണ് നാണയത്തുട്ടുകൾ കണ്ടെത്തിയത്. ഉപേക്ഷിക്കപ്പെടുന്ന കുരുന്നുകൾക്കായിസംസ്ഥാന ശിശുക്ഷേമ സമിതി എറ്റെടുക്കുന്ന പ്രവർത്തനങ്ങൾക്കുള്ള നന്മമനസുകളുടെ അംഗീകാരമായി ഈ ധന സഹായത്തിനെ കാണുന്നുവെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ.ജി.എൽ അരുൺ ഗോപി പറഞ്ഞു.

Related Articles

Back to top button