സൗദി അറേബ്യയിൽ ട്രക്കുകൾ കൂട്ടിയിടിച്ച് പ്രവാസി ഇന്ത്യക്കാരൻ മരിച്ചു

സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ പഞ്ചാബ് സ്വദേശി മരിച്ചു. ഗുർദാസ്പൂർ ഭിഖാരിവാൾ സ്വദേശി മൻപ്രീത് സിങ് (37) ആണ് മരിച്ചത്. ജുബൈലിന് സമീപം സൽമാൻ ബിൻ അബ്ദുൽ അസീസ് റോഡിൽ  വെച്ചായിരുന്നു അപകടം നടന്നത്. മൻപ്രീത് സിങ് ഓടിച്ചിരുന്ന മെർസിഡസ് ട്രക്ക് മറ്റൊരു ട്രക്കുമായി ശക്തമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തെത്തുടർന്ന് വാഹനത്തിന്‍റെ ക്യാബിനുള്ളിൽ കുടുങ്ങിപ്പോയ ഇദ്ദേഹത്തെ ഏറെ പരിശ്രമിച്ചാണ് പുറത്തെടുത്തത്. റെഡ് ക്രസൻറ് പ്രവർത്തകർ സംഭവസ്ഥലത്തെത്തിയാണ് മൻപ്രീതിനെ പുറത്തെടുത്തത്. ഉടൻ തന്നെ ജുബൈൽ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴയുടെ നേതൃത്വത്തിൽ ശ്രമങ്ങൾ നടന്നുവരുന്നു. കുടുംബം: കശ്മീർ സിങ്, കുൽവന്ത് കൗർ ദമ്പതികളാണ് മാതാപിതാക്കൾ, ഭാര്യ: സന്ദീപ് കൗർ.

Related Articles

Back to top button