നിർമ്മാണത്തിലിരുന്ന മെട്രോ തൂൺ, വാഹനങ്ങൾക്ക് മുകളിൽ തകർന്നുവീണ് ഒരാൾക്ക് ദാരുണാന്ത്യം

മുംബൈയിൽ നിർമ്മാണത്തിലിരുന്ന മെട്രോ തൂണിന്‍റെ ഭാഗം തകർന്നുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ശനിയാഴ്ച ഉച്ചയോടെയാണ് മുളണ്ട് ഫയർ സ്റ്റേഷന് സമീപം തിരക്കേറിയ എൽബിഎസ് റോഡിൽ അപകടം നടന്നത്. നിർമ്മാണത്തിലിരുന്ന മെട്രോ ലൈൻ 4-ന്റെ ഒരു പാരപ്പറ്റ് സ്ലാബ് താഴേക്ക് പതിക്കുകയായിരുന്നു. റോഡിലൂടെ ഓടിക്കൊണ്ടിരുന്ന ഒരു ഓട്ടോ റിക്ഷക്കും, കാറിനും മുകളിലാണ് സ്ലാബ് വീണത്.
അപകടത്തിൽ റാംധൻ യാദവ് എന്നയാളാണ് മരിച്ചത്. പരിക്കേറ്റ മൂന്ന് പേരിൽ രാജ്കുമാർ ഇന്ദ്രജിത്ത് യാദവിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. വടാല മുതൽ താനെ വരെയുള്ള മെട്രോ ലൈൻ 4-ന്റെ നിർമ്മാണ പ്രവർത്തനങ്ങളാണ് ഇവിടെ നടന്നുവന്നിരുന്നത്. അപകടം വൻ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചതിന് പിന്നാലെ, മുംബൈ മെട്രോപൊളിറ്റൻ റീജിയണൽ ഡെവലപ്‌മെന്റ് അതോറിറ്റി സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപകടത്തെ തുടർന്ന് സംസ്ഥാനത്തെ ബിജെപി സർക്കാരിനെതിരെ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷം രൂക്ഷ വിമർശനവുമായി രംഗത്തെത്തി. സർക്കാർ പൊതുജനങ്ങളുടെ സുരക്ഷയേക്കാൾ കൂടുതൽ മുൻഗണന നൽകുന്നത് അടിസ്ഥാന സൗകര്യ പദ്ധതികളുടെ പ്രചാരണത്തിന് മാത്രമാണെന്ന് കോൺഗ്രസ് നേതാവ് വർഷ ഗെയ്‌ക്‌വാദ് ആരോപിച്ചു. നിർമ്മാണത്തിന്റെ ഗുണനിലവാരത്തിലും ,സുരക്ഷാ മാനദണ്ഡങ്ങളിലും സംശയം പ്രകടിപ്പിച്ച അവർ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.



