എ ജയതിലക് പുതിയ ചീഫ് സെക്രട്ടറി…

കേരളത്തിന്റെ അമ്പതാമത് ചീഫ് സെക്രട്ടറിയായി എ ജയതിലകിനെ തെരഞ്ഞെടുത്തു. ചീഫ് സെക്രട്ടറിയായ ശാരദാ മുരളീധരന്‍ ഈ മാസം 30ന് വിരമിക്കാനിരിക്കെ, ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.

നിലവില്‍ ധനകാര്യവകുപ്പിലെ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ജയതിലക്. 2026 ജൂണ്‍ വരെ ജയതിലകിന് ഈ സ്ഥാനത്ത് തുടരാന്‍ സാധിക്കും. ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് രണ്ട് പേരുകളാണ് ഉയര്‍ന്നുവന്നത്. പുതിയ ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് കേരള കേഡറിലെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനും ഡല്‍ഹിയില്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലുമുളള മനോജ് ജോഷിയെയാണ് നിര്‍ദ്ദേശിച്ചത്. അദ്ദേഹം താല്‍പര്യം പ്രകടിപ്പിക്കാതെ വന്നതോടെയാണ് ജയതിലകിനെ തെരഞ്ഞെടുത്തത്.

1991 ബാച്ച് ഉദ്യോഗസ്ഥനാണ് എ ജയതിലക്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് എംബിബിഎസ് ബിരുദവും ഐഐഎമ്മില്‍ നിന്ന് പിജി സര്‍ട്ടിഫിക്കറ്റ് കോഴ്സും പൂര്‍ത്തിയാക്കി. മാനന്തവാടി സബ് കളക്ടറായാണ് സിവില്‍ സര്‍വീസ് കരിയര്‍ തുടങ്ങിയത്. കൊല്ലത്തും കോഴിക്കോടും ജില്ലാ കളക്ടറായ ജയതിലക് കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടറുമായി. കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോയപ്പോള്‍ സ്പൈസസ് ബോര്‍ഡിന്റെയും മറൈന്‍ എക്സ്പോര്‍ട്ട് ബോര്‍ഡിന്റെയും ചുമതല വഹിച്ചു. സംസ്ഥാനത്തെ ഐഎഎസ് പോരില്‍ എന്‍ പ്രശാന്ത് പരസ്യമായി പോര്‍മുഖം തുറന്നത് എ ജയതിലകുമായിട്ടാണ്.

Related Articles

Back to top button