ആലപ്പുഴയിൽ ട്രെയിനിനടിയിൽ മനുഷ്യന്റെ കൈ…ധൻബാദ് എക്സ്പ്രസിന്റെ കോച്ചിനടിയിൽ അറ്റനിലയിൽ കണ്ടെത്തി

ആലപ്പുഴ: പുറപ്പെടാൻ തയ്യാറായി നിന്ന ധൻബാദ് എക്സ്പ്രസിന്‍റെ കോച്ചിന് അടിയിൽ മനുഷ്യന്റെ കൈ കണ്ടെത്തി. ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്ന് പുറപ്പെടാൻ തയ്യാറായി നിന്ന ധൻബാദ് എക്സ്പ്രസ് ട്രെയിനിന്‍റെ എസ് 5 കോച്ചിനടിയിലാണ് അറ്റ നിലയിൽ മനുഷ്യന്‍റെ കൈ കണ്ടെത്തിയത്. ഇത് ട്രെയിൻ തട്ടി മരിച്ച ആരുടെയെങ്കിലും കൈ ആണെന്നാണ് പ്രാഥമിക നിഗമനം. വെള്ളിയാഴ്ച രാത്രിയാണ് ധൻബാദിൽ നിന്ന് ട്രെയിൻ ആലപ്പുഴയിലെത്തിയത്. ഇന്ന് രാവിലെ ആലപ്പുഴയിൽ നിന്നും പുറപ്പെടാനിരിക്കെയാണ് കോച്ചിന് താഴെ മനുഷ്യന്റെ കൈ കണ്ടെത്തിയത്. പിന്നാലെ എസ് 5 കോച്ച് മാത്രം പിടിച്ചിട്ടശേഷം ട്രെയിൻ സർവീസ് ആരംഭിച്ചു. സംഭവത്തിൽ ആര്‍പിഎഫ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ധൻബാദ് എക്സ്പ്രസ് പോകുന്ന പാതയിൽ ആരെങ്കിലും ട്രെയിൻ തട്ടി മരണപ്പെട്ടിട്ടുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിച്ച് വരികയാണ് റെയിൽവേ.




