കേരളത്തിലുടനീളം ഹാൻസ് എത്തിക്കുന്ന വൻ റാക്കറ്റ് പിടിയിൽ… മാരാരിക്കുളത്തും മുനമ്പത്തുമായി പിടിച്ചെടുത്തത് 72 ചാക്ക് ലഹരിമരുന്ന്..

മാരാരിക്കുളം: സംസ്ഥാന വ്യാപകമായി നിരോധിത പുകയില ഉൽപ്പന്നങ്ങൾ എത്തിക്കുന്ന വൻ റാക്കറ്റിലെ പ്രധാനികളെ പിടികൂടി മാരാരിക്കുളം പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും. എറണാകുളം സ്വദേശികളായ പള്ളിപ്പുറം പള്ളിക്കാട് അഖിൽ രാജു (35), മുനമ്പം കോട്ടയ്ക്കാട് രാജേഷ് (44) എന്നിവരാണ് പിടിയിലായത്.

മാരാരിക്കുളം പോലീസ് സ്റ്റേഷൻ പരിധിയിലെ കണിച്ചുകുളങ്ങര ജങ്ഷന് സമീപം ഹൈവേയിൽ നടത്തിയ പരിശോധനയിലാണ് ലഹരിവേട്ടയ്ക്ക് തുടക്കമായത്. മാരുതി ഒമ്‌നി കാറിൽ കടത്തുകയായിരുന്ന 10 ചാക്ക് ഹാൻസ് ഇവിടെ വെച്ച് അന്വേഷണസംഘം പിടികൂടി. വാഹനത്തിലുണ്ടായിരുന്ന പ്രതികളെ ചോദ്യം ചെയ്തതോടെയാണ് തട്ടിപ്പിന്റെ വ്യാപ്തി പുറത്തുവന്നത്.

പ്രതികളിൽ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം എറണാകുളത്തേക്ക് വ്യാപിപ്പിച്ചു. മുനമ്പത്തെ ഒരു വീടിന്റെ ബാത്ത്റൂമിൽ രഹസ്യമായി ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു ബാക്കി ലഹരിമരുന്ന്. ഇവിടെ നിന്നും 62 ചാക്ക് ഹാൻസ് കൂടി പോലീസ് കണ്ടെടുത്തു. ഇതോടെ ആകെ പിടിച്ചെടുത്ത ലഹരിമരുന്നിന്റെ അളവ് 72 ചാക്കായി.

വർഷങ്ങളായി കേരളത്തിലുടനീളം മൊത്തവിലയിൽ ഹാൻസ് എത്തിക്കുന്ന വൻ റാക്കറ്റിലെ പ്രധാന കണ്ണികളാണ് പിടിയിലായ അഖിൽ രാജുവും രാജേഷുമെന്ന് പോലീസ് പറഞ്ഞു. ഇവർക്ക് പിന്നിൽ കൂടുതൽ ആളുകളുണ്ടോ എന്നും ലഹരിമരുന്ന് എവിടെ നിന്നാണ് എത്തിക്കുന്നതെന്നും പോലീസ് അന്വേഷിച്ചു വരികയാണ്. പിടിച്ചെടുത്ത ലഹരിമരുന്നും കടത്താൻ ഉപയോഗിച്ച വാഹനവും പ്രതികളെയും മാരാരിക്കുളം പോലീസ് സ്റ്റേഷനിലെത്തിച്ച് തുടർനടപടികൾ സ്വീകരിച്ചു. ലഹരി വിരുദ്ധ സ്ക്വാഡും മാരാരിക്കുളം പോലീസും സംയുക്തമായാണ് ഈ വൻ വേട്ട നടത്തിയത്.

Related Articles

Back to top button