വൻ തുക ഫീസ് വാങ്ങി…പക്ഷേ അനുയോജ്യയായ വധുവിനെ കണ്ടെത്തിയില്ല…മാട്രിമോണിയൽ സൈറ്റിന് പിഴ ചുമത്തിയത് എത്രയെന്നോ…
അനുയോജ്യയായ വധുവിനെ കണ്ടെത്തി നൽകാത്തതിന് മാട്രിമോണിയൽ സൈറ്റിന് 60,000 രൂപ പിഴ ചുമത്തി. ബെംഗളൂരുവിലെ എംഎസ് നഗറിൽ താമസിക്കുന്ന വിജയകുമാർ കെ എസ് എന്നയാളാണ് പരാതി നൽകിയത്. തുടർന്ന് ബെംഗളൂരു ഉപഭോക്തൃ കോടതിയാണ് പിഴ ചുമത്തിയത്.
വിജയകുമാർ മകൻ ബാലാജിക്ക് വധുവിനെ തേടിയാണ് ദിൽമിൽ മാട്രിമോണി പോർട്ടലിനെ സമീപിച്ചത്. മാർച്ച് 17ന് മകന്‍റെ ഫോട്ടോകളും മറ്റ് രേഖകളും നൽകി. വധുവിനെ കണ്ടെത്താൻ 30,000 രൂപ ഫീസായി നൽകി. 45 ദിവസത്തിനകം ബാലാജിക്ക് വധുവിനെ കണ്ടെത്തുമെന്ന് ദിൽമിൽ മാട്രിമോണി വാക്കാലുള്ള ഉറപ്പും നൽകി.
എന്നാൽ ബാലാജിക്ക് അനുയോജ്യയായ വധുവിനെ കണ്ടെത്താൻ ദിൽമിൽ മാട്രിമോണിക്ക് കഴിഞ്ഞില്ല. ഇതോടെ വിജയ കുമാർ ഓഫീസിലെത്തി പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടു. ഏപ്രിൽ 30 നാണ് പണം തിരികെ നൽകണമെന്ന് അഭ്യർത്ഥിച്ചത്. എന്നാൽ പണം തിരികെ നൽകിയില്ലെന്ന് മാത്രമല്ല, ജീവനക്കാർ അസഭ്യ വാക്കുകൾ ഉപയോഗിക്കുകയും ചെയ്തു.




