മാവേലിക്കരയിൽ വീടിന് തീയിട്ട്… പട്ടാപകൽ 51 പവൻ സ്വർണ്ണം കവർന്നു…..
മാവേലിക്കര- പട്ടാപകൽ വീട്ടിൽ ആളില്ലാതിരുന്ന സമയം ഇരുനില വീടിന് തീയിട്ട് 51 പവൻ സ്വർണ്ണം കവർന്നു. ഇന്ന് വൈകിട്ട് 6 മണിയോടെയാണ് സംഭവം. മാവേലിക്കര നഗരസഭ 17ാം വാർഡിൽ പോനകം ഹരിഹരം വീട്ടിലാണ് കവർച്ച നടന്നത്.
ജയപ്രകാശ്, ഭാര്യ ഹേമലത, മരുമകൾ ഗായത്രി എന്നിവരാണ് വീട്ടിൽ താമസിച്ചിരുന്നത്. ഇവർ പുറത്ത് പോയ സമയത്താണ് സംഭവം നടന്നത്. ഇവരുടെ രണ്ട് ആൺമക്കൾ വിദേശത്താണ്. കിടപ്പ് മുറിയിലെ അലമാരക്കാണ് തീയിട്ടിരിക്കുന്നത്. സമീപവാസികളാണ് വീട്ടിൽ നിന്ന് പുക ഉയരുന്നത് കണ്ടത്. ഇവർ അറിയിച്ചതനുസരിച്ച് ഉടമസ്ഥർ സ്ഥലത്തെത്തിയപ്പോളേക്കും തീ ആളിപ്പടിർന്നിരുന്നു. അഗ്നിരക്ഷാ സേന എത്തിയാണ് തീ അണച്ചത്. തുടർന്ന് നടത്തിയ പരീശോധനയിലാണ് സ്വർണ്ണം നഷ്ടപ്പെട്ടതായി വീട്ടുകാർ പറയുന്നത്.
എന്നാൽ തീപിടിച്ച മുറിയുടെ മുകളിലത്തെ നിലയിലുളള മുറിയിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണം നഷ്ടപ്പെട്ടിട്ടില്ല. മാവേലിക്കര സി.ഐ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സി.സി.റ്റി.വി കേന്ദരീകരിച്ച് അന്വേഷണം നടത്തുമെന്നും നാളെ ശാസ്ത്രീയ സംഘം പരിശോധന നടത്തിയ ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകുവെന്നും സി.ഐ അറിയിച്ചു.