സമൂഹമാധ്യമം വഴി പരിചയപ്പെട്ട അഞ്ചംഗ സംഘം ഓണം ആഘോഷിക്കാനെത്തി…. ഒരാൾ മുങ്ങിമരിച്ചു…
ഓണാഘോഷത്തിനിടെ കടലില്‍ കുളിക്കാനിറങ്ങിയ തമിഴ്‌നാട് സ്വദേശിയായ വിദ്യാര്‍ഥി മുങ്ങിമരിച്ചു. കോയമ്പത്തൂര്‍ പന്നി മടൈ റോസ് ഗാര്‍ഡനില്‍ അശ്വന്ത് (19) ആണ് മരിച്ചത്. കോയമ്പത്തൂരിലെ ഡിഗ്രി വിദ്യാര്‍ഥിയാണ്.
സമൂഹ മാധ്യമം വഴി പരിചയപ്പെട്ട അഞ്ചംഗ സംഘം കടല്‍ കാണാനായി തളിക്കുളം നമ്പിക്കടവില്‍ എത്തുകയായിരുന്നു. സംഘത്തിലെ അശ്വന്ത് കടലില്‍ ഇറങ്ങുകയും തിരമാലയില്‍ പെട്ട് വെള്ളത്തില്‍ മുങ്ങിത്താഴുകയുമായിരുന്നു. കൂടെ ഉണ്ടായിരുന്നവര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് ലൈഫ് ഗാര്‍ഡും നാട്ടുകാരും തെരച്ചില്‍ നടത്തി.
ഒരു മണിക്കൂറിനു ശേഷം പഞ്ചായത്തംഗം എ എം.മെഹബൂബും നാട്ടുകാരനായ കണ്ണനും ചേര്‍ന്ന് തീരക്കടലില്‍ മുങ്ങിത്താഴ്ന്ന ഭാഗത്ത് പൊന്തിവന്ന അശ്വന്തിനെ കരക്കെത്തിച്ചു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വലപ്പാട് സ്വകാര്യ ക്ലിനിക്കില്‍ എത്തിച്ച് മരണം സ്ഥിരീകരിച്ചു. അതേസമയം കോയമ്പത്തൂര്‍ സ്വദേശികള്‍ ഇതിന് മുൻപും തളിക്കുളത്ത് കടലിൽ മുങ്ങിമരിച്ചിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി മൂന്നു കോയമ്പത്തൂർ സ്വദേശികളാണ് തളിക്കുളം തമ്പാന്‍കടവില്‍ കടലില്‍ മുങ്ങിമരിച്ചത്.