സൗഹൃദം നടിച്ച് യുവ അഭിഭാഷകയുടെ നഗ്ന  ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച സുഹൃത്ത് അറസ്റ്റിൽ 

സൗഹൃദം നടിച്ച് യുവ അഭിഭാഷകയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച കേസിൽ സുഹൃത്ത് അറസ്റ്റിൽ. പാലക്കാട്‌ പിരായിരി സ്വദേശിയും, വക്കീൽ ഗുമസ്തനുമായ മുഹമ്മദ് ഷഫീഖിനെ ടൗൺ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ ബന്ധുക്കൾക്കും, സുഹൃത്തുക്കൾക്കുമാണ് വാട്സ്ആപ് വഴി യുവാവ് ദൃശ്യങ്ങൾ അയച്ചുകൊടുത്തത്.

ജനുവരി ആദ്യവാരമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. യുവ അഭിഭാഷകയും ഗുമസ്തൻ മുഹമ്മദ് ഷഫീക്കും സൗഹൃദത്തിലായിരുന്നു. ഈ സമയത്താണ് യുവതി അറിയാതെ ഗുമസ്തൻ നഗ്ന ദൃശ്യങ്ങൾ ചിത്രീകരിച്ചത്. യുവതിയുടെ വിവാഹ ശേഷം ഇരുവരും തമ്മിലുള്ള സൗഹൃദം തകർന്നു. ഇതിന് ശേഷമാണ് യുവാവ് യുവതിയുടെ ബന്ധുക്കൾക്ക് വാട്സാപ്പിലൂടെ ദൃശ്യങ്ങൾ അയച്ചു കൊടുത്തത്. യുവതിയുടെ പരാതിയിൽ കേസെടുത്ത പാലക്കാട് ടൗൺ സൗത്ത് പോലീസ് 24 വയസുള്ള ഷഫീഖിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഐടി ആക്ട് പ്രകാരമാണ് കേസെടുത്തത്. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാൻഡ് ചെയ്തു. സുഹൃത്ത് ബന്ധത്തിൽ നിന്ന് അഭിഭാഷക പിൻമാറിയതിൻ്റെ വൈരാഗ്യത്തിലാണ് പ്രതി ദൃശ്യങ്ങൾ പ്രചരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. 

Related Articles

Back to top button