ഗർഭപാത്രത്തിലെ മുഴനീക്കാൻ സർജറി നടത്തി…പിന്നാലെ മൂത്രസഞ്ചിയിൽ ലീക്ക്…
കാഞ്ഞങ്ങാട് പത്മ ആശുപത്രിയിൽ വീണ്ടും ചികിത്സാ പിഴവെന്ന് ആരോപണം. ബേക്കൽ ചേറ്റുക്കുണ്ട് സ്വദേശി ചന്ദ്രികയും കുടുംബവുമാണ് പരാതിയുമായി രംഗത്തെത്തിയത്. മുഴ നീക്കം ചെയ്യാനുള്ള സർജറി നടത്തിയതിന് ശേഷം മൂത്രസഞ്ചി ലീക്കായി എന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതരുമായും ഡോക്ടറുമായും സംസാരിച്ചെങ്കിലും അവർ ഇറക്കിവിട്ടെന്ന് കുടുംബം.
ഗർഭപാത്രത്തിൽ മുഴ ഉണ്ടായതിനെ തുടർന്ന് പത്മ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ.രേഷ്മയെ സമീപിച്ചിരുന്നു. പിന്നീട് സർജറി നടത്തി മുഴ നീക്കം ചെയ്യുകയും ചെയ്തു, ഇതിന് പിന്നാലെ മൂത്രസഞ്ചി ലീക്കായി എന്നും പരാതിയിൽ പറയുന്നു. ഇക്കാര്യത്തെ കുറിച്ച് ഡോക്ടർ രേഷ്മയോട് സംസാരിച്ചപ്പോൾ വ്യക്തമായ കാരണം പറയാതെ ഒഴിഞ്ഞു മാറി. ആശുപത്രിയിലെ യൂറോളജിസ്റ്റ് മഞ്ജുനാഥ് ഷെട്ടിയെ സമീപിച്ചപ്പോൾ തങ്ങളെ കാരണം പറയാതെ ഭീക്ഷണിപ്പെടുത്തി ഇറക്കിവിട്ടെന്നും കുടുംബം പറഞ്ഞു.
തുടർന്ന് മംഗലാപുരത്തുളള ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ പരിശോധിച്ചപ്പോഴാണ് മുഴ നീക്കം ചെയ്യാൻ നടത്തിയ സർജറിയിൽ മൂത്രസഞ്ചിയ്ക്ക് ഹോൾ വീണെന്ന വിവരം തങ്ങൾ അറിഞ്ഞത്. കാൻസർ രോഗിയായ അമ്മയ്ക്ക് പത്മ ആശുപത്രിയിൽ വേണ്ട ചികിത്സ ലഭിച്ചിട്ടില്ലെന്നും കുടുംബം ആരോപിച്ചു.
കഴിഞ്ഞ ദിവസം പ്രസവത്തെ തുടർന്ന് യുവതിയും നവജാത ശിശുവും മരിച്ച സംഭവത്തിൽ പത്മ ആശുപത്രിക്കെതിരെ ആരോപണം ഉയർന്നിരുന്നു. ചേറ്റുക്കുണ്ട് സ്വദേശിനി ദീപയും കുഞ്ഞുമാണ് മരിച്ചത്. ഗർഭിണിയായത് മുതൽ ദീപ കാസർകോട് പത്മ ആശുപത്രിയിലാണ് ചികിത്സ തേടിയിരുന്നത്. ചികിത്സക്കിടെ ആരോഗ്യനില വഷളായതോടെ യുവതിയെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ നിർദേശിക്കുകയായിരുന്നു. പ്രസവത്തിലെ അപകട സാധ്യത ഡോക്ടർ പറഞ്ഞില്ലെന്നും കുട്ടി മരിച്ച വിവരം അധികൃതർ മറച്ചുവെച്ചുവെന്നും കുടുംബം ആരോപിച്ചിരുന്നു. ആരോഗ്യമന്ത്രിയ്ക്കും, മനുഷ്യാവകാശ കമ്മീഷനും ഉൾപ്പെടെ യുവതിയുടെ കുടുംബം പരാതി നൽകിയിട്ടുണ്ട്. എന്നാൽ മറ്റ് ആരോഗ്യപ്രശ്നങ്ങളാണ് യുവതിയുടെ മരണ കാരണമെന്നാണ് ആശുപത്രിയുടെ വിശദീകരണം.