ജയലക്ഷ്മി സില്‍ക്സ് കത്താനുള്ള കാരണങ്ങൾ വിശദീകരിച്ച് സുപ്രധാന റിപ്പോർട്ട്…

കോഴിക്കോട് ജയലക്ഷ്മി സില്‍ക്സിലുണ്ടായ തീപിടിത്തത്തിൽ ജില്ലാ ഫയർ ഓഫീസറുടെ റിപ്പോർട്ട് പുറത്ത്. കെട്ടിടത്തിൽ വസ്ത്രങ്ങൾ എല്ലാം കുത്തി നിറച്ച നിലയിൽ ആയിരുന്നുവെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന പരാമര്‍ശം. ഗോഡൗണിൽ ആണ് വസ്ത്രങ്ങൾ നിറച്ചിരുന്നത്. ഇതാണ് അഗ്നി സുരക്ഷാ സംവിധാനം പ്രവർത്തിച്ചിട്ടും തീ അണയാതിരുന്നതെന്നും ജില്ലാ ഫയർ ഓഫീസറുടെ റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ദിവസത്തെ പരിശോധനയിൽ കാരണം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കെട്ടിടത്തിലെ അഗ്നി സുരക്ഷാ സംവിധാനങ്ങള്‍ കൃത്യമായി പ്രവര്‍ത്തിച്ചിരുന്നുവെന്നും കൂടുതല്‍ സ്റ്റോക്ക് സംഭരിച്ചതാണ് തീപിടിത്തത്തിന്റെ ആഘാതം കൂട്ടിയതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
അതേസമയം സ്ഥാപനത്തിന്റെ മാനേജര്‍ നൽകിയ പരാതിയില്‍ ടൗണ്‍ പോലീസ് കേസെടുത്തിരുന്നു. പാളയം ജയലക്ഷ്മി സില്‍ക്സിലുണ്ടായ വന്‍തീപിടിത്തത്തില്‍ ജില്ലാ ഫയര്‍ ഓഫീസറും, ഇലക്ട്രിക്കല്‍ ഇന്‍സ്പക്ടറേറ്റും, കോര്‍പ്പറേഷനും വെവ്വേറെ അന്വേഷണമാണ് നടത്തുന്നത്. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ വിദഗ്ധ പരിശോധന ഇന്ന് നടക്കും. ഫോറൻസിക് സംഘവും പരിശോധനക്ക് എത്തും.
ഇതിനിടെ കോഴിക്കോട് നഗരത്തിലെ തുടർച്ചയായ തീപിടിത്തത്തെ തുടർന്ന് പരാതിയുമായി വ്യാപാരി സംഘടന രംഗത്ത് വന്നു. നഗരത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ല. മുൻപ് തന്ന ഉറപ്പുകൾ സർക്കാർ നടപ്പാക്കിയില്ല. നഗരത്തിലെ ഫയർ സ്റ്റേഷന് കെട്ടിടം പോലും ഇല്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ചൂണ്ടിക്കാണിക്കുന്നു. മന്ത്രിമാരെ നേരിൽ കണ്ട് പരാതി നൽകും. മിഠായി തെരുവ് തീപിടിത്തതിന് പിറകെ നൽകിയ ഒരു ഉറപ്പും പാലിച്ചില്ല. വ്യാപാരികൾ മാത്രമല്ല, നഗരവാസികളും സുരക്ഷാ ഭീഷണിയിലാണെന്ന് വ്യാപാരികളുടെ സംഘടന ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ കോഴിക്കോട് നഗരത്തിൽ 40 ഓളം വലിയ തീപിടിത്തങ്ങളാണ് ഉണ്ടായത്. തിരക്കേറിയ മിഠായി തെരുവിലും മെഡിക്കൽ കോളേജ് കെട്ടിടത്തിലും കളക്ടറേറ്റിലുമെല്ലാം തീ പടർന്നപ്പോൾ നടത്തിയ പ്രഖ്യാപനങ്ങൾ പലതും പാലിക്കപ്പെട്ടില്ലെന്നാണ് പുതിയ സംഭവങ്ങളും സൂചിപ്പിക്കുന്നത്.



