നിലത്ത് പായ വിരിച്ച് കിടന്നുറങ്ങിയത് അമ്മയോടൊപ്പം…13കാരനെ അണലി കടിച്ചു..
കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ അണലി കടിച്ചു. മുട്ടത്തറ വടുവൊത്ത് മരപ്പാലത്തിനുസമീപം മോളിയുടെ മകന്‍ കാശിനാഥി(13)നെയാണ് അണലി കടിച്ചത്. അബോധാവസ്ഥയിലായ കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെളളിയാഴ്ച പുലര്‍ച്ചെ മൂന്നോടെയായിരുന്നു സംഭവം. അമ്മയോടൊപ്പം നിലത്ത് പായ വിരിച്ച് കിടന്നുറങ്ങുകയായിരുന്നു. ഇവരുടെ വീടിന്റെ വാതിലിനോട് ചേര്‍ന്നുളള ദ്വാരത്തിലൂടെ അകത്തേക്ക് എത്തിയ അഞ്ചടിയോളം നീളമുളള അണലിയാണ് കുട്ടിയുടെ വലതുകാലിലെ ചെറുവിരലില്‍ കടിച്ചത്.
കുട്ടി ബഹളം വെച്ചതോടെ വീട്ടുകാരും സമീപവാസികളുമെത്തി അണലിയെ അടിച്ചുകൊന്നു. തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടി സുഖം പ്രാപിച്ചുവരുകയാണെന്ന് അമ്മ മോളി പറഞ്ഞു. വീടിന്റെ പുറകുവശത്തുകൂടെയാണ് പാര്‍വ്വതി പുത്തനാര്‍ കടന്നുപോകുന്നത്. ആറിന്റെ ഇരുവശങ്ങളിലും കാടുകയറിയ നിലയിലാണെന്ന് നാട്ടുകാര്‍ പറഞ്ഞു. പാമ്പുകളുടെ ആവാസകേന്ദ്രമായ ഇവിടത്തെ കാട് വെട്ടിമാറ്റുന്നില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു.