സിപിഎമ്മിന് തിരിച്ചടി…ആദായനികുതി വകുപ്പിന്റെ നടപടിയിൽ തെറ്റില്ലെന്ന് ഹൈക്കോടതി

കൊച്ചി: തെരഞ്ഞെടുപ്പ് സമയത്ത് സിപിഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത ആദായനികുതി വകുപ്പിന്റെ നടപടിയിൽ തെറ്റില്ലെന്ന് ഹൈക്കോടതി. നടപടിക്കെതിരായ ഹർജി ഹൈക്കോടതി തള്ളി. ആദായനികുത വകുപ്പിൻ്റെ പരിശോധനയും നടപടിയും നിയമപരമെന്നാണ് കോടതിയുടെ നിരീക്ഷണം. വസ്തുതകൾ വിലയിരുത്തിയായിരുന്നു പരിശോധന എന്നും കോടതി നിരീക്ഷിച്ചു.
തൃശ്ശൂരിലെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയിൽ നിക്ഷേപിക്കാൻ കൊണ്ടുവന്ന തുകയാണ് കഴിഞ്ഞ വര്‍ഷം ആദായനികുതി വകുപ്പ് പിടിച്ചെടുത്തത്. മുമ്പ് ഇതേ ബാങ്കിന്റെ അക്കൗണ്ടിൽ നിന്ന് പിൻവലിച്ച തുക തിരിച്ചടയ്ക്കാനെത്തിച്ചപ്പോഴാണ് പിടിച്ചെടുത്തത്.

സിപിഎം ജില്ലാ സെക്രട്ടറി എം എം വർഗീസിൻ്റെ മൊഴിയെടുത്ത ശേഷമാണ് ഉദ്യോഗസ്ഥർ പണം പിടിച്ചെടുത്തത്. പാർട്ടിയുടെ നിയമവിധേയ ചിലവുകൾക്ക് ഏപ്രിൽ 2 ന് ബാങ്കിൽ നിന്ന് ഒരു കോടി പിൻവലിച്ചിരുന്നു. ഏപ്രിൽ 5 ന് ബാങ്കിൽ പരിശോധനയ്ക്കെത്തിയ ആദായ നികുതി ഉദ്യോഗസ്ഥർ പണം പിൻവലിച്ചത് തെറ്റായ നടപടി എന്ന് വ്യാഖ്യാനിച്ചു. പിന്നാലെ ഇടപാട് മരവിപ്പിക്കുകയും ചെയ്തു. ശേഷം ആദായ നികുതി വകുപ്പ് തൃശൂർ അസിസ്റ്റന്‍റ് ഡയറക്ടർ സി പി എം ജില്ലാ സെക്രട്ടറിക്ക് നോട്ടീസ് നൽകി. പിൻവലിച്ച ഒരു കോടിയുമായി ഹാജരാകാനായിരുന്നു നോട്ടീസ്. ഇത് പ്രകാരമാണ് പണവുമായി ബാങ്കിലെത്തിയതെന്നുമാണ് എം എം വർഗീസ് അന്ന് വ്യക്തമാക്കിയത്.

Related Articles

Back to top button