മൂന്നരലക്ഷത്തിൻ്റെ ബൈക്ക് മോഷ്ടിച്ചു…ആറരമാസത്തിനുശേഷം പ്രതി കുടുങ്ങി…

പുനലൂര്‍ : മൂന്നരലക്ഷത്തോളം രൂപ വിലവരുന്ന ആഡംബര ബൈക്ക് മോഷണം പോയ സംഭവത്തില്‍ യുവാവ് പിടിയില്‍. കൊല്ലം കുണ്ടറ പേരയം പടപ്പക്കര ജോണ്‍ വിലാസത്തില്‍ ശരണ്‍ (20) ആണ് പിടിയിലായത്. ആറരമാസത്തിനുശേഷം കുണ്ടറയില്‍ നിന്നാണ് കഴിഞ്ഞദിവസം ഇയാളെ അറസ്റ്റുചെയ്തത്.
പത്തനാപുരം പട്ടാഴി പന്തപ്ലാവ് സ്വദേശിയുടേതാണ് ബൈക്ക്. ഇക്കഴിഞ്ഞ ജൂലായിലാണ് ഇത് മോഷ്ടിക്കപ്പെട്ടത്. പുനലൂര്‍ പവര്‍ഹൗസ് ജങ്ഷനില്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപം വെച്ചിരുന്ന ബൈക്ക് കടത്തിക്കൊണ്ടുപോകുകയായിരുന്നു. ഉച്ചയ്ക്ക് മൂന്നുമണിയോടെയായിരുന്നു സംഭവം.

പരാതി ലഭിച്ചതിനെത്തുടര്‍ന്ന് പുനലൂര്‍ പോലീസ് നടത്തിയ തിരച്ചിലില്‍ ബൈക്ക് കുണ്ടറയില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. എന്നാല്‍ മോഷ്ടാവിനെ കണ്ടെത്താനായില്ല. അന്നുമുതല്‍ പോലീസ് മോഷ്ടാവിനുവേണ്ടി തിരച്ചില്‍ നടത്തിവരികയായിരുന്നു.

കഴിഞ്ഞദിവസം പ്രതി ഒളിവില്‍ കഴിയുന്ന സ്ഥലത്തെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു അറസ്റ്റെന്നും സി.സി.ടി.വി. ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ചതില്‍ നിന്നാണ് പ്രതിയെ തിരിച്ചറിയാന്‍ കഴിഞ്ഞതെന്നും എസ്.എച്ച്.ഒ. ടി.രാജേഷ്‌കുമാര്‍ പറഞ്ഞു.

Related Articles

Back to top button