കൊല്ലത്ത് എടിഎമ്മിൽ പണമെടുക്കാനെത്തിയ 16കാരിക്ക് നേരെ ലൈംഗികാതിക്രമം….പ്രതി…
കൊല്ലം: മടവൂരിൽ എടിഎമ്മിൽ പണമെടുക്കാനെത്തിയ പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ പൊലീസ് പിടികൂടി. മയ്യനാട് സ്വദേശി അനിരുദ്ധനെയാണ് പള്ളിക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെ എട്ടു മണിക്കാണ് സംഭവം. എടിഎമ്മിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ പൊലീസ് കണ്ടെത്തിയത്.
മടവൂർ ജംഗ്ഷനിലുള്ള സ്വകാര്യ ബാങ്കിന്റെ എടിഎമ്മിൽ പണമെടുക്കാൻ എത്തിയതായിരുന്നു പെൺകുട്ടി. കുട്ടി എടിഎമ്മിലേക്ക് കയറവേ അകത്തുണ്ടായിരുന്ന പ്രതി, അവിടെ പണമില്ലെന്ന് പറഞ്ഞ് കുട്ടിയെ അടുത്തുള്ള എസ്ബിഐ എടിഎമ്മിലേക്ക് കൂട്ടിക്കൊണ്ടുപോയി.
എടിഎമ്മിൽ കയറിയ പ്രതി മെഷീനിൽ കാർഡ് ഇട്ട ശേഷം പെൺകുട്ടിയോട് ഭാഷ തെരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടു. കുട്ടി മെഷീനിൽ ബട്ടൻ അമർത്തുന്നതിനിടെ ഇയാൾ പിറകിലൂടെ വന്ന് ലൈംഗികാതിക്രമം നടത്തി. പെട്ടെന്ന് കുതറി ഓടിയ പെൺകുട്ടി വിവരം മാതാവിനോട് പറയുകയും തുടർന്ന് പൊലീസിൽ പരാതി നൽകുകയുമായിരുന്നു.