ഇവൾ രാത്രിയിൽ ഇറങ്ങുന്നത് കമ്പിയും പാരയുമായി…. വീട് കുത്തിപ്പൊളിച്ച് മോഷ്ണത്തിനെത്തുന്ന യുവതി പിടിയിൽ…..
മാന്നാർ: അടച്ചിട്ട വീട്ടിൽ മോഷണത്തിന് എത്തിയ യുവതിയെ അറസ്റ്റ് ചെയ്തു. വീയപുരം വെള്ളംകുളങ്ങര പുത്തൻപുരയിൽ പ്രമോദിന്റെ ഭാര്യ മായാകുമാരി (36) യെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ ഒപ്പം സഹായത്തിനുണ്ടായിരുന്ന ആൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് മാന്നാർ പോലീസ്.കഴിഞ്ഞ ദിവസം രാത്രിയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. മാന്നാർ എണ്ണക്കാട് ഭാഗത്ത് അടച്ചിട്ടിരുന്ന വീട്ടിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് മായയും കൂട്ടാളിയും മോഷണ ശ്രമം നടത്തിയത്. ബുധനൂർ പഞ്ചായത്ത് പതിനൊന്നാം വാർഡിൽ ശ്രീ വാണി ഭവനത്തിൽ വിജയൻ നായരുടെ വീട്ടിലാണ് മോഷ്ടിക്കാനായി ഇവർ കയറിയത്. മോഷണശ്രമത്തിനിടയിൽ വഴിയാത്രക്കാർ വരുന്നത് കണ്ട മോഷ്ടാക്കൾ ഓടി രക്ഷപ്പെടുകയായിരുന്നു. ഉടൻ തന്നെ വഴിയാത്രക്കാരും പ്രദേശ വാസികളും ചേർന്ന് പോലീസിനെ വിവരം അറിയിച്ചു.പോലീസും നാട്ടുകാരും പ്രദേശത്ത് നടത്തിയ തിരച്ചിലിൽ മോഷ്ടാക്കൾ വന്ന ഇരു ചക്ര വാഹനവും വീടിന്റെ വാതിലുകൾ പൊളിക്കാൻ ഉപയോഗിക്കുന്ന കമ്പി, പാര തുടങ്ങിയ സാധനങ്ങളും പോലിസ് കണ്ടെടുത്തിരുന്നു. വാഹനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടി. സംഭവം നടന്ന സ്ഥലത്ത് ഉപേക്ഷിച്ച സ്കൂട്ടറും പോലിസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പ്രതിയായ മായാകുമാരിക്ക് സമാന സംഭവങ്ങളിൽ വീയപുരം, ഹരിപ്പാട് സ്റ്റേഷനുകളിൽ നിലവിൽ കേസുകൾ ഉണ്ട്.