രണ്ടുമുറി വീട് വിൽപനയ്ക്ക്…വില കേട്ട് ഞെട്ടി…വെറും 83 രൂപ…

വീടുകൾക്കും സ്ഥലങ്ങൾക്കും ഒക്കെ വൻ വിലയാണ് ഇന്ന് അല്ലേ? ഒരു വീടോ കുറച്ച് സ്ഥലമോ ഒക്കെ വാങ്ങുക എന്നത് സാധാരണക്കാരെ സംബന്ധിച്ച് അങ്ങേയറ്റം ദുഷ്കരമായിക്കൊണ്ടിരിക്കുകയാണ്. എന്നാൽ, വെറും 83 രൂപയ്‍ക്ക് ഒരു വീട് വിൽക്കാൻ വച്ചിരിക്കുന്നതാണ് ഇപ്പോൾ വാർത്തയാവുന്നത്.

രണ്ട് മുറികളോട് കൂടിയ ഒരു വീടാണ് 83 രൂപയ്‍ക്ക് വിൽക്കാൻ ഇട്ടിരിക്കുന്നത്. അത് വാങ്ങാനായി ഓടിപ്പോകാൻ നോക്കണ്ട, അതങ്ങ് മിഷി​ഗണിലാണ്. യൂറോപ്പിൽ വിന്റേജ് സ്റ്റൈലിലുള്ള ഒറ്റപ്പെട്ട് കിടക്കുന്ന വീടുകൾ വാങ്ങുന്നത് ഇപ്പോൾ ഒരു സ്റ്റൈലായിരിക്കുകയാണ്. അപ്പോൾ പിന്നെ ഈ വീട് ആൾക്കാരുടെ ശ്രദ്ധ പിടിച്ചു പറ്റിക്കാണും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

രണ്ട് കിടപ്പുമുറികളാണ് ഈ വീടിനുള്ളത്. Zillow ഈ വീട് വിൽക്കാൻ വച്ചിരിക്കുന്നത് ലോകത്തിലെ ഏറ്റവും വില കുറഞ്ഞ വീട് വിൽപ്പനയ്ക്ക് എന്നും പറഞ്ഞു കൊണ്ടാണ്. 724 ചതുരശ്ര അടി വിസ്തീർണമുള്ള ഈ വീട്ടിൽ രണ്ട് കിടപ്പുമുറികളും ഒരു കുളിമുറിയും അടുക്കളയുമാണ് ഉള്ളത്. നിരവധി പേരെ ഈ വീട് വിൽക്കാനുള്ള പരസ്യം ആകർഷിച്ചു. എന്നാലും വെറും ഒരു ഡോളറിന്, അതായത് 83 രൂപയ്‍ക്ക് ഈ വീട് എങ്ങനെ കിട്ടും എന്നതാണ് പലരേയും അമ്പരപ്പിച്ച ചോദ്യം.

എന്നാൽ, ഇതൊരു ബിസിനസ് ട്രിക്ക് മാത്രമാണ്. ഈ വീടിന് വേണ്ടി നിരവധിപ്പേർ ചോദിച്ച് വരും എന്ന് ഉറപ്പല്ലേ? അപ്പോൾ ലേലം വിളിയിലൂടെ വീടിന്റെ തുക ഉയരും. ഇതിന്റെ കച്ചവടക്കാരൻ തന്നെ ഇത് ഒരു മാർക്കറ്റിം​ഗ് സ്ട്രാറ്റജിയാണ് എന്ന് തുറന്ന് പറഞ്ഞു കഴിഞ്ഞു. ഏതായാലും, വീടിന് എത്രവരെ വില ഉയരും എന്ന് നോക്കിക്കാണാൻ കാത്തിരിക്കുകയാണ് മിക്കവരും. 83 രൂപ വിലയിട്ടു എങ്കിലും 37-41 ലക്ഷം രൂപ വീടിന് കിട്ടും എന്നാണ് കച്ചവടക്കാരൻ പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button